ബെംഗളൂരു: 15 ദിവസം നീണ്ട ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമരം ഇന്നലെ പിൻവലിച്ചു.
കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജോലിക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് നടപടി.
കോടതിയിൽ വിശ്വാസവും ബഹുമാനവുമുണ്ടെന്നും സമരം താത്കാലികമായി പിൻവലിക്കുകയാണെന്നും കർണാടക റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ലീഗ് പ്രസിഡന്റ് കൊടിഹള്ളി ചന്ദ്രശേഖർ അറിയിച്ചു.
ജീവനക്കാരിൽ ഒരു വിഭാഗം നേരത്തേ തന്നെ പണിമുടക്കിൽനിന്ന് പിന്മാറിയിരുന്നു.
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ നേതൃത്വത്തിനെതിരേ സംഘടനയ്ക്കുള്ളിൽത്തന്നെ അഭിപ്രായവ്യത്യാസം രൂപപ്പെടുകയും ചെയ്തിരുന്നു.
60 ശതമാനത്തോളം ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ നിരത്തിലിറങ്ങിയിരുന്നു.
വ്യാഴാഴ്ച മുതൽ നാലു ട്രാൻപോർട്ട് കോർപ്പറേഷനിലെയും മുഴുവൻ ജീവനക്കാരും ജോലിക്ക് എത്തിത്തുടങ്ങും.
ഈ മാസം ഏഴിനാണ് ആറാം ശമ്പളകമ്മിഷൻ നിർദേശമനുസരിച്ചുള്ള ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
പണിമുടക്ക് താത്കാലികമായി പിൻവലിച്ചെങ്കിലും ശമ്പളവർധനവെന്ന ആവശ്യത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നും കൊടിഹള്ളി ചന്ദ്രശേഖർ പറഞ്ഞു.
ഈ ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സംഘടനയുടെ തീരുമാനം.
ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സിറ്റിങ് നടത്താമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ജീവനക്കാർക്കെതിരേ സ്വീകരിച്ച നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗ് ആവശ്യപ്പെട്ടു.
ശമ്പളക്കമ്മീഷൻ്റെ നിർദ്ദേശപ്രകാരമുള്ള വേതന വർദ്ധനവ് ഈ സാഹചര്യത്തിൽ നൽകാൻ കഴിയില്ലെങ്കിലും 8% വേതന വർദ്ധനവ് നൽകാൻ തയ്യാറെന്നാണ് സർക്കാറിൻ്റെ നിലപാട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.