ഇന്ത്യയുടെ ടൂറിസം വികസന വകുപ്പിന്റെ ആപ്തവാക്യം ” ഇൻക്രെഡിബിൾ ഇന്ത്യ ” എന്നാണ് ,സങ്കീര്‍ണമായ ഇന്ത്യ. വ്യത്യസ്ഥ ദേശങ്ങൾ വിവിധങ്ങളായ സംസ്കാരങ്ങൾ വിവിധ നിറത്തിലുള്ള മനുഷ്യർ വിശ്വാസങ്ങൾ ആചാരങ്ങൾ …
ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം രാജസ്ഥാനിലുണ്ട് മദ്യം പ്രസാദമായി നൽകുന്ന ക്ഷേത്രം ഡൽഹിയിൽ,എലിയെ ബഹുമാനിച്ച് പരിപാലിക്കുന്ന ക്ഷേത്രം ഗുജറാത്തിലുണ്ട് ദൈവത്തെ തെറി ഗാനങ്ങൾ കൊണ്ട് പാടുന്ന ക്ഷേത്രം കേരളത്തിൽ ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ് ഇങ്ങനെ പല വിധ വിശ്വസങ്ങളാണ് ഹിമവാന് താഴെ എവിടേയും,അതിലൊന്നാണ് “വിസ ബാലാജി ” എന്ന ചിലുക്കൂർ ബാലാജി ക്ഷേത്രം.
ആദ്യം കുറച്ച് ചരിത്രത്തിലേക്ക് ഏകദേശം പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ചെറു ക്ഷേത്രമാണ് ഈ ബാലാജി ക്ഷേത്രം, തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് നഗരത്തിന് പുറമെയായി ഒസ്മാൻ സാഗർ തടാകത്തിന്റെ സമീപത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ഷേത്രങ്ങൾക്കുമുള്ള പോലെ വളരെ വ്യത്യസ്ഥമല്ലാത്ത ഐതീഹ്യം ഈ ക്ഷേത്രത്തിനുമുണ്ട്.
എല്ലാവർഷവും തിരുപ്പതിയിൽ വിങ്കിടാചലപതിയെ കാണാൻ പോകാറുള്ള ഒരു ഭക്തനെ ചുറ്റിപ്പറ്റിയാണ് കഥ, എല്ലാവർഷവും ബാലാജിയെ കാണാൻ പോകാറുള്ള ഭക്തന് ആ വർഷം പോകാൻ കഴിഞ്ഞില്ല, അസുഖബാധിതനായി കിടപ്പിലായി. നാഴികകൾ ദൂരം നടന്നു പോകേണ്ട തിരുമലയിലെത്താൻ കഴിയില്ലെന്നുറപ്പായി, ഭക്ത ഹൃദയം വേദനിച്ചു, ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു ,അന്നു രാത്രി ഭക്തന്റെ സ്വപ്നത്തിൽ ഭഗവാൻ വന്നരുളി ചെയ്തു” ഭക്താ നീ ദുഖിക്കേണ്ടതിന്റെ ,ഞാൻ നിനക്ക് സമീപത്ത് തന്നെയുണ്ട് ” എന്ന് പറഞ്ഞ് അടുത്തുള്ള കാട്ടിലെ മൺപുറ്റു കാണിച്ചു കൊടുത്തു, ഭക്തൻ ഉടൻ തന്നെ പുറത്തേക്കോടി ഭഗവാൻ നൽകിയ അടയാളത്തിലെ മണ്ണ് മഴു കൊണ്ട് വെട്ടിയിളക്കാനാരംഭിച്ചു. എന്തിലോ ഉടക്കിയ ശബ്ദം പുറത്തു വന്നു നോക്കിയപ്പോൾ “തിരുപ്പതി ബാലാജി ” യുടെ പ്രതിമ…മഴു തട്ടി മുറിഞ്ഞിടത്തു നിന്ന് ധാരധാരയായി രക്തമൊഴുകുന്നുണ്ട്.. ഭക്തൻ ഇതികർത്തവ്യഥാ മൂഢനായി ഒരു നിമിഷം നിന്നു ,അവിടെ ഒരശരീരി ഉയർന്നു, “രക്തമൊഴുകുന്ന പ്രതിമയിൽ പശുവിൻ പാലു കൊണ്ട് ധാര ചെയ്യുക” അവിടെ ലക്ഷ്മീദേവീ ഭുദേവീ സമേതനായ ഭഗവാന്റെ വിഗ്രഹം സ്വയം ഭൂവായി ഉയർന്നു വന്നു.. രണ്ടു പത്നിമാരും ചേർന്നുള്ള മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേയുളളൂ. അവിടെ ക്ഷേത്രം പണിയുകയായിരുന്നു.
ഭക്ത രാമദാസിന്റെ അമ്മാവൻ മാരായിരുന്ന മാദണ്ണ യും അക്കണ്ണയും ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. തീർന്നില്ല പ്രത്യേകതകൾ.
ഇന്ത്യയിലെ ഭണ്ഡാരമില്ലാത്ത ഏതാനും ചില ക്ഷേത്രങ്ങളിലൊന്നാണ് ചിൽക്കൂർ ബാലാജി ക്ഷേത്രം, ഇവിടെ വഴിപാടുകളോ വഴിപാടു കൗണ്ടറുകളോ ഇല്ല. ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്കായി ധനസഹായം നൽകാൻ താൽപര്യമുള്ളവർ അവിടെ എഴുതി വച്ചിരിക്കുന്ന അക്കൗണ്ടിലേക്ക് പണമടക്കാം, വിഎ കെ ബുക്സ് എന്ന ക്ഷേത്ര പ്രസിദ്ധീകരണത്തിലൂടെയാണ് മറ്റൊരു ധന സമാഹരണം.
നീണ്ട നിയമ പോരാട്ടങ്ങളിലൂടെ സർക്കാറിന് ഇതുവരെ ഏറ്റെടുക്കാൻ കഴിയാത്ത ഒരു ക്ഷേത്രം കൂടിയാണ് ഇത്,
കഴിഞ്ഞില്ല മറ്റു പല ക്ഷേത്രങ്ങളെയും പോലെ പല വിഭാഗത്തിൽ പെട്ട ഭക്തൻമാർക്ക് വേറെ വേറെ പരിഗണനയില്ല, വിഐപി ഭക്തൻമാർക്ക് ഗ്രീൻ ചാനലില്ല, എല്ലാവരും ഒരേ വഴിയിൽ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കണം.
ഇനി “വിസ ബാലാജി “യുടെ കഥ പറയാം, തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ ആദ്യത്തിലും ഹൈദരാബാദ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ ഹബ് ആയി ഉയർന്നു വന്നതിന് ശേഷം, തെലുങ്കു നാട്ടിലെ യുവാക്കളുടെ മനസ്സിലെല്ലാം വിദ്യാഭ്യസത്തിനായോ ജോലിക്കാ യോ വിദേശത്തേക്ക് ചേക്കേറണമെന്ന ആഗ്രഹം നാമ്പിട്ടു തുടങ്ങി, അമേരിക്കൻ ഭൂഖണ്ഡമായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം .. കാനഡ, അമേരിക്ക അങ്ങനെ പോകുന്നു … പലപ്പോഴും വിസക്ക് അപേക്ഷിക്കുന്നു ലഭിക്കുന്നില്ല, ആ സമയത്താണ് പലരും ചിൽക്കൂർ ബാലാജിയുടെ “സഹായം” തേടിത്തുടങ്ങിയത്. പോകുന്നവർക്കെല്ലാം വിസ ലഭിച്ചു തുടങ്ങിയപ്പോൾ വിശ്വസവും വർദ്ധിച്ചു.അങ്ങനെ ചിൽക്കൂർ ബാലാജി “വിസ ബാലാജി”യായി മാറി.
വിസ കിട്ടാൻ എന്ത് ചെയ്യണം ? ക്ഷേത്രത്തിൽ പോയി പതിനൊന്ന് പ്രദക്ഷിണം ചെയ്യുക വിസ കിട്ടിക്കഴിഞ്ഞാൽ അടുത്ത പ്രാവശ്യം പോയി 108 പ്രദക്ഷിണവും.
ഇവിടത്തെ പ്രദക്ഷിണവും രസകരമാണ് ഓരോ പ്രദക്ഷിണ സമയത്തും വളരെ ഊർജ്ജസ്വലനായ ഒരു പൂജാരി തെലുഗിലും ഇംഗ്ലീഷിലും ഹിന്ദിയിലും നമ്മെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരിക്കും ചെറു ചെറു മന്ത്രങ്ങൾ ചൊല്ലാൻ നമ്മെ മൈക്കിലൂടെ നിർബന്ധിച്ചു കൊണ്ടിരിക്കും.
ഹൈദരാബാദിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലും മെഹന്ദിപട്ടണത്തിൽ നിന്ന് എ പി എസ് ആർ ടി സി ബസിലും ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെത്തിച്ചേരാം.
ഞായറാഴ്ചകളിൽ നഗരത്തിൽ നിന്ന് തെലങ്കാന സർക്കാറിന്റെ ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലോക്കൽ സൈറ്റ് സീയിംഗിലും ചിലുക്കൂർ ബാലാജി യെ ഉൾപ്പെടുത്തിട്ടുണ്ട്…
അപ്പൊ വിസ വേണ്ടേ ? പോകാം ഹൈദരാബാദിലേക്ക്.