നന്ദി പറയുക’ ഒരു ഔപചാരികതയാണെന്ന് തോന്നാറുണ്ട്….”രണ്ട് വ്യക്തികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്താൻ പരസ്പര ബന്ധരായ രണ്ടക്ഷരമാണ് ‘നന്ദി’ ” എന്നൊക്കെ എന്റെയൊരു പ്രണയം തകർന്ന് പൊളിഞ്ഞ സമയത്ത് എഴുതിയിട്ടുമുണ്ട്….
പക്ഷേ ഇന്ന് മനസ്സിലാക്കുന്നു…’നന്ദി പറയുക’ എന്നത് ഒരു കർത്തവ്യം കൂടിയാണെന്ന്…! ഒരു മനോഹരമായ യാത്രയുടെ അവസാനമെങ്കിലും കൂടെ നിന്നവരോട് ഒരു നന്ദി വാക്കു പോലും പറഞ്ഞില്ലെങ്കിൽ അത് ശെരിയല്ല എന്നതുകൊണ്ടാണ്….ബാംഗ്ലൂർ മലയാളീസ് സോൺ എന്ന 20,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മ ഒരു മാസം മുൻപാണ്, ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മാത്രം പരിചയമുള്ള അംഗങ്ങളുമായി ഒരു യാത്ര പോകാൻ തീരുമാനിക്കുന്നത‌്…ഗ്രൂപ്പിൽ ഇങ്ങനൊരു തീരുമാനം വന്നപ്പോൾ ഒരുപാട് പേർ വളരെ ആവേശത്തോടെയാണ് യാത്ര തീരുമാനത്തെ സ്വീകരിച്ചത്…യാത്രയുടെ അന്ന് പുലർച്ച 4 മണി മുതൽ ആ ഗ്രൂപ്പിന്റെ അഡ്മിൻ എന്ന നിലയിൽ ഞങ്ങൾ കുറച്ച് പേർ ഈ യാത്രയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു…6.30 ന് മടിവാളയെത്തി…ചില പഴയമുഖങ്ങൾ…ഒരുപാട് പുതിയ മുഖങ്ങൾ…!! ആവിപറക്കുന്ന കട്ടൻ ചായ സൗജന്യമായി തന്ന് ഞങ്ങളെയെല്ലാം ഒരു സങ്കോചമില്ലാതെ വരവേറ്റത് BMZ ലെ ഷാനി മോന്‍ ന്റെ “വൈറ്റ് ഹൌസ് ” എന്ന ഹോട്ടൽ ആയിരുന്നു…..എല്ലാവരും എത്തി, അവിടന്ന് യാത്ര തുടങ്ങാൻ അല്പം വൈകി….8 മണി ആകാറായി.. വലിയോരു പ്രതീക്ഷയുടെ , ആഹ്ലാദത്തിന്റെ മുഖങ്ങളായിരുന്നു എവിടെ നോക്കിയാലും..!! 8 കഴിഞ്ഞപ്പോ ലീഡ് റൈഡറായ ഷിബു ശിവയുടെ സ്പോട്സ് ബൈക്കിന് പുറകിൽ വരി വരിയായി BMZ റൈഡേഴ്സ്…48 ഓളം ബൈക്കുകൾ..10 ഓളം കാറുകൾ..!
യാത്ര പതിയെ ബാംഗ്ലൂരിലെ തിരക്കിൽ നിന്നും വിജനമായ റോഡിലേക്ക് തിരിഞ്ഞു…സമയം ഏതാണ്ട് 11 ആയി…യാത്രികർ സന്തോഷത്തിലായിരുന്നു..! എങ്ങുമെങ്ങും, മൊബൈൽ കാമറകൾ ക്ലിക്കുകൾക്ക് വേണ്ടി കണ്ണിറുക്കുന്നു…’
‘ഗോ പ്രോ’ ക്യാമറ , ഒരു റൈഡറുടെ ഹെൽമറ്റിന് മുകളിൽരുന്ന് ചിരിക്കുന്നു… വരിയായി…നിര നിരയായി…120 കിലോ മീറ്റർ പിന്നിട്ടപ്പോഴാണ് ഞങ്ങൾ മുത്തത്തി ഫോറസ്റ്റ് എത്തിയത്…ഞങ്ങൾ ആദ്യം തീരുമാനിച്ച സ്ഥലം കാവേരി നദിയുടെ ഒരു തീരം ആയിരുന്നു….പക്ഷേ അവിടെ ചെന്ന് ചേർന്നതും, യാത്രികരുടെ മുഖത്ത് മ്ലാനത…എല്ലാവർക്കും വിഷമം…വർഷത്തിലൊരിക്കൽ ആ നദി തീരത്തോട് ചേർന്ന് നടത്തപ്പെടാറുള്ള ഒരു ആഘോഷം ആയിരുന്നു ഇന്നലെ അവിടെ …നിറയെ ആളുകൾ….എങ്ങും ബഹളം…ആളുകൾ നദി തീരത്ത് കുളിക്കുന്നു..ഭക്ഷണമുണ്ടാക്കുന്നു.മതാചാര പ്രകാരമായ പരിപാടികൾ….ഒരു പിക്നിക് സ്പോട്ടാണൊ അതെന്ന് സംശയിച്ചു പോകും…!അവിടെ എല്ലാരും ഒന്നിച്ച് സമയം ചിലവഴിക്കാൻ കഴിയില്ലെന്ന് ബോധ്യമായി…അവിട നിന്ന് ഇറങ്ങി ഒരു 5 കിലോമീറ്ററിനപ്പുറം ഒരു ഹനുമാൻ ക്ഷേത്രത്തോട് ചേർന്ന് ഒരു വ്യൂ പോയിന്റുണ്ടെന്ന് അറിഞ്ഞു… ഫോറസ്റ്റ്കാരുടെ കാലുപിടിച്ച് അനുമതിയൊടേ അവിടെ ചെന്നു…കാവേരി നദിയുടെ ഒരു ഭാഗം…കുറേ പാറക്കെട്ടുകൾ , അതിലൂടെ നദി കൈവഴിയായി ഒഴുകുന്നു…എല്ലാ യാത്രികരും അവിടെ ഒത്ത് കൂടി….ആദ്യമൊക്കെ അപരിചിതത്വമായിരുന്നു..പിന്നീടെല്ലാവരും പരസ്പരം സംസാരിച്ചു, പുതിയ യാത്രികർ പരസ്പരം പരിചയപ്പെടുത്തി..അവരെ പരിചയപ്പെടുത്താൻ പട്ടാളം പുരുഷു എന്നറിയപ്പെടുന്ന BMZ മെംബർ Vaishak Odiyil സഹായിക്കുന്നുണ്ടായിരുന്നു…
ഇടയ്ക്ക് ഗിറ്റാറിന്റെ അകമ്പടിയോടെ പാട്ടും, പറച്ചിലുമൊക്കെയായി അങ്ങനെ രണ്ടര മണിക്കൂർ ആ സ്ഥലത്തങ്ങനെ സൊറ പറഞ്ഞും…തമാശകൾ പങ്കുവെച്ചും,..
ആ സ്ഥലത്തിന്റെ മനോഹാരിതയേക്കാൾ കൂടെയുണ്ടായിരുന്ന, ഒട്ടും ജാഡയല്ലാത്ത, അന്തർമുഖരല്ലാത്ത യാത്രികരുടെ സാമീപ്യമായിരുന്നു ഏറെ സന്തോഷിപ്പിച്ചത്…!!സമയം പോയതൊന്നും അറിഞ്ഞില്ല…കിതച്ചെത്തിയ വിശപ്പിനോട്, പോയിട്ട് പിന്നെ വരാൻ പറഞ്ഞു…ആ യാത്ര അത്രമേൽ പ്രീയപ്പെട്ടതായി മാറുകയായിരുന്നു…!
5 മണി ആയപ്പോൾ തിരിച്ചിറങ്ങി…ഓരോരുത്തരും പതിയ പതിയെ..നല്ല ഒരു യാത്രയ്ക്ക് ശേഷം അവരവരുടെ സ്ഥിരവിവാരകേന്ദ്രങ്ങളിലേക്ക്…തങ്ങളുടെ വീടുകളിലേക്ക്..യാത്രയുടെ ക്ഷീണത്തിൽ തകർന്ന് പോയെന്ന് കരുതിയ പലരുടെ മുഖത്തും ചിരി മാത്രം മാഞ്ഞില്ല…ഒരു മനോഹരമായ യാത്ര അനുഭൂതിയ്ക്ക്, കൂട്ട് ചേരലിന്, ഒരു പരിസമാപ്തി…
“നന്ദി…നീ നൽകാൻ മടിച്ച പൂച്ചെണ്ടുകൾക്ക്,
എനിക്ക് നീ നൽകാൻ മടിച്ചവയ്ക്കൊക്കെയും
പ്രീയപ്പെട്ട ജീവിതമേ നന്ദി ”
എന്നെഴുതിയത് കവി ഒ.എൻ.വി കുറുപ്പാണ്…
സംഭവിക്കാഞ്ഞതിനാണ് ആദ്യം നന്ദി പറയുന്നത്…
“ഇന്നലെ പെയ്യാതിരുന്ന മഴയ്ക്ക്…
ഇന്നലെ സംഭവിക്കാതിരുന്ന അപകടങ്ങൾക്ക്…
ഇന്നലെ വഴിയിൽ നിന്നു പോകാതിരുന്ന വണ്ടികൾക്ക്…
ഇന്നലെ നല്ലതിന് വേണ്ടി മാറി നിന്ന എല്ലാത്തിനും…!
“കാലത്ത് കട്ടൻ ചായ നൽകി 100 ഇലധികം ആളുകൾക്ക് ഊർജ്ജമേകിയ വൈറ്റ് ഹൗസ്
ഹോട്ടലുടമ, ഷാനി ചേട്ടന്..!!
“BMZ ഒരു യാത്ര പോകുന്നുണ്ട്…നിങ്ങളെല്ലാം വരണം എന്ന് പറഞ്ഞപ്പോ യാതൊന്നും ചിന്തിക്കാതെ ബൈക്കിൽ പെട്രോളും നിറച്ച് ഇറങ്ങി പുറപ്പെട്ട നേരിട്ട് സുഹൃുക്കൾക്ക്…!
“കൂടെ നിന്ന സഹ അഡ്മിൻസിന്..അങ്ങനെ ഈ യാത്രയുടെ വിജയമാകാൻ സഹായിച്ച എല്ലാവർക്കും….!
നന്ദി….നന്ദി…നന്ദി…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.