കൊച്ചി: മറൈന്‍ഡ്രൈവില്‍ ഒതുങ്ങിയ മൂലകളില്‍ തമ്പടിച്ചിരുന്ന യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി പോലീസിന് വീഴ്ച പറ്റിയതായി തുറന്നു സമ്മതിച്ചത്.
മറൈന്‍ഡ്രൈവില്‍ യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. മറൈന്‍ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.
പോലീസിന്റെ ഒത്താശയോടെ ക്രമിനലുകള്‍ അഴിഞ്ഞാടി. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തെങ്കിലും പാളിച്ച പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്.
വനിതാദിനമായിരുന്ന ഇന്നലെ, മറൈന്‍ ഡ്രൈവിലെ ഒതുങ്ങിയ മൂലകളില്‍ തമ്പടിച്ചിരുന്ന യുവതീയുവാക്കളെയാണ് ശിവസേന പ്രവര്‍ത്തകര്‍ ഓടിച്ചത്. ഇരുപത്തഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് ചൂരലുമായി എത്തി.യുവതി യുവാക്കളെ ഓടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശിവസേന പ്രവര്‍ത്തകരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനാണ് കേസെടുത്തതെന്നും സെന്‍ട്രല്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് വനിതാ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി പതിനഞ്ചോളം കമിതാക്കളെ തിരിച്ചയച്ചു. കൊച്ചിയിലെ ഒരു പോലീസ് എഎസ്‌ഐയുടെ മകനും കാമുകിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോലീസ് പോയശേഷമെത്തിയ കമിതാക്കള്‍ക്കാണ് ചൂരല്‍ പ്രയോഗമേറ്റത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.