രേണുകാസ്വാമി വധക്കേസ്: ‘ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ബെംഗളൂരു: രേണുകാസ്വാമി വധക്കേസിലെ രണ്ടാം പ്രതിയും കന്നഡ നടനുമായ ദർശനെതിരെയുള്ള ‘മാധ്യമ വിചാരണ’യുമായി (Media Trial) ബന്ധപ്പെട്ട് നിർണായക ഇടപെടലുമായി കർണാടക ഹൈക്കോടതി. ദർശനെതിരെ ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും വന്ന ചില വാർത്തകളും ഉള്ളടക്കങ്ങളും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തോടും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും കോടതി നിർദ്ദേശിച്ചു.

മാധ്യമങ്ങൾ പരിധി ലംഘിക്കുന്നുവെന്ന് കാണിച്ച് നടൻ ദർശൻ സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദുമിന്റെ ഉത്തരവ്. ചാനലുകളിലെ ഉള്ളടക്കം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) ആക്റ്റിന് കീഴിലുള്ള പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്ന് ബോധ്യപ്പെട്ടാൽ, അത്തരം പ്രക്ഷേപണങ്ങൾ നിയന്ത്രിക്കാനോ താൽക്കാലികമായി നിർത്താനോ നിരോധിക്കാനോ മന്ത്രാലയങ്ങൾ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലെ മാധ്യമ വാർത്തകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഹർജിക്കാരന് ലഭിക്കേണ്ട നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവകാശത്തിന് ഗുരുതരമായ ഭീഷണിയാണെന്നും, ഇക്കാര്യത്തിൽ എടുത്ത നടപടികളെക്കുറിച്ച് 12 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

കേസിന്റെ വിചാരണ പ്രാരംഭ ഘട്ടത്തിൽ മാത്രമായിരിക്കെ, ടെലിവിഷൻ ചാനലുകളും ഡിജിറ്റൽ മാധ്യമങ്ങളും സ്വന്തം നിലയിൽ വിധി പ്രസ്താവിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദർശൻ ഹർജിയിൽ ആരോപിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന സിവിൽ കോടതികളുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഹർജിയിലെ രേഖകളും ദൃശ്യങ്ങളും പരിശോധിച്ച കോടതി, മാധ്യമങ്ങളുടെ പ്രവണത ആശങ്കാജനകമാണെന്ന് നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന തീയതികളിലെല്ലാം കോടതി നടപടികളെ അതുപടി പുനരാവിഷ്കരിച്ച് മാധ്യമങ്ങൾ പരിപാടികൾ തയാറാക്കുന്നുണ്ടെന്നും, ഇതിൽ ജഡ്ജിയുടെ മുഖം മാത്രം മറച്ച് പ്രതികളുടെയും അഭിഭാഷകരുടെയും മുഖം പരസ്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ കോടതി നടപടികളെ വെറുമൊരു ‘പൊതുവിനോദ കാഴ്ച’യായി മാറ്റുകയാണെന്നും ജസ്റ്റിസ് മഗദും അഭിപ്രായപ്പെട്ടു.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

“ആശയപ്രകടന സ്വാതന്ത്ര്യം ഭരണഘടനാപരമായ വലിയൊരു മൂല്യമാണ്. എന്നാൽ അത് മാധ്യമങ്ങൾ സ്വന്തം നിലയിൽ വിധി പറയുന്ന രീതിയിലേക്ക് തരംതാഴുമ്പോൾ ജനാധിപത്യത്തിനുള്ള സംരക്ഷണമല്ല, മറിച്ച് ഭീഷണിയായി മാറും. മാധ്യമങ്ങൾ സമൂഹത്തിന്റെ കാവൽക്കാരാണ്. എന്നാൽ അവർ തന്നെ ജഡ്ജിയും ജൂറിയും കൊലയാളിയുമായി മാറിയാൽ നിയമവാഴ്ച അപകടത്തിലാകും. സ്റ്റുഡിയോ ലൈറ്റുകളുടെ വെളിച്ചത്തിൽ നീതിന്യായ വ്യവസ്ഥയെ നിഴലിലാക്കാൻ കോടതികൾക്ക് അനുവദിക്കാനാകില്ല,” ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts