ബെംഗളൂരു: ഹോക്കി കളിക്കളങ്ങളെ ത്രസിപ്പിച്ച മാനുവൽ ഫ്രെഡറിക് ഇനി കേരളത്തിന്റെ കായികചരിത്രത്തിൽ ദീപ്തമായ ഓർമ്മ.
ഒളിമ്പിക് മെഡൽ എന്ന ചരിത്രനേട്ടം ആദ്യമായി കേരളത്തിന്റെ മണ്ണിലെത്തിച്ച മലയാളിയുടെ അഭിമാനതാരം ഇനിയില്ല.
അദ്ദേഹത്തിൽനിന്ന് കളിപഠിച്ചെടുത്ത ശിഷ്യരുടെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും ആദരമേറ്റുവാങ്ങി യാത്രയായി.
വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച മാനുവൽ ഫ്രെഡറിക്കിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിച്ചു.
കോട്ടും ടൈയുമണിഞ്ഞ് ഗൗരവംവിടാത്ത മുഖവുമായി നിശ്ചലനായി കിടന്ന മാനുവൽ ഫ്രെഡറിക്കിന് അന്ത്യാഭിവാദ്യമേകാൻ ടിസി പാളയയിലെ മകൾ ഫ്രഷീനയുടെ വസതിയിലേക്ക് ഒട്ടേറെപ്പേരെത്തി.
രാവിലെ എട്ടുമണിയോടെയാണ് വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. വൈകാതെ മാനുവലിന്റെ തട്ടകമായിരുന്ന കരസേനയിൽനിന്നും അംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകാനെത്തി.
മൃതദേഹത്തിനുമേൽ ദേശീയപതാക വിരിച്ചു. റീത്ത് സമർപ്പിച്ച് സല്യൂട്ട് നൽകി. ദേശീയപതാക പിന്നീട് ഫ്രഷീനയ്ക്ക് കൈമാറി.
കേരള കായികമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി ബെംഗളൂരുവിലെ നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് റീത്ത് സമർപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
