ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവനക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു.
കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു.
എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി.
ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും മുഖത്തുമാണ് അക്രമികൾ മർദിച്ചത്.
മർദ്ദനം നിർത്തുന്നില്ലെന്ന് മനസിലായപ്പോൾ കടയിലെ മറ്റു ജീവനക്കാർ ഇടപെട്ടാണ് യുവാക്കളെ പിടിച്ചുമാറ്റിയത്.
അതെസമയം ജീവനക്കാരനെ സംഘം മർദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ജീവനക്കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.