ബെംഗളൂരു: വിസ ചട്ടങ്ങൾ ലംഘിച്ച് കർണാടകയിൽ വർഷങ്ങളായി റെസ്റ്റോറന്റ് നടത്തിവന്ന ഫ്രഞ്ച് പൗരനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തര കന്നഡയിലെ ഗോകർണത്ത് കഴിഞ്ഞ 15 വർഷമായി റെസ്റ്റോറന്റ് നടത്തിവന്നിരുന്ന ക്രിസ്റ്റോഫ് സ്റ്റെഫാൻ മോൺസിയോൻ (54) നൽകിയ ഹർജി ജസ്റ്റിസ് സച്ചിൻ ശങ്കർ മഗ്ദും തള്ളി. ഇതോടെ ഇയാൾ ഉടൻ രാജ്യം വിടേണ്ടി വരും.
ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച ‘ലീവ് ഇന്ത്യ’ നോട്ടീസ് ചോദ്യം ചെയ്താണ് ക്രിസ്റ്റോഫ് കോടതിയെ സമീപിച്ചത്. എന്നാൽ, വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്തെത്തുന്നവർ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ക്രിസ്റ്റോഫ്, ഓരോ തവണ വിസ കാലാവധി കഴിയുമ്പോഴും ഫ്രാൻസിലേക്ക് പോയി വിസ പുതുക്കി മടങ്ങിയെത്തുകയായിരുന്നു പതിവ്. ഇത്തരത്തിൽ 15 വർഷമായി നിയമവിരുദ്ധമായി ഗോകർണത്ത് ബിസിനസ് നടത്തിവരികയായിരുന്നു ഇയാൾ. ടൂറിസ്റ്റ് വിസ വിനോദസഞ്ചാരത്തിന് മാത്രമുള്ളതാണെന്നും അത് ഉപയോഗിച്ച് രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങൾ നടത്താൻ അനുവാദമില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. വിദേശികൾ വിസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഇത്തരം ലംഘനങ്ങൾ അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]