കാബൂൾ: താലിബാൻ രാജ്യ ഭരണം പിടിച്ചെടുത്തതോടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ഭീതിയിലാണ് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍. അഫ്ഗാനിസ്താന് സ്വന്തമായി ദേശീയ വനിതാ ഫുട്ബോൾ ടീം ഉണ്ടാക്കാൻ മുന്നിൽ നിന്നത് ഖാലിദ പോപ്പൽ എന്ന അവരുടെ മുൻ താരമാണ്.
ടീമിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു ഖാലിദ. എന്നാലിപ്പോൾ ഡെൻമാർക്കിലുള്ള ഖാലിദയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത് തന്റെ ടീമിലെ പെൺകുട്ടികളുടെ കരച്ചിലൊഴിയാതെയുള്ള ഫോൺ വിളികളും വോയിസ് മെസേജുകളും അപേക്ഷകളുമാണ്.
ഖാലിദ ഒരുക്കിയെടുത്ത ടീമിലെ ഇന്നത്തെ പെൺകുട്ടികൾ വിളിക്കുമ്പോൾ അവരോട് വീടുകളിൽ നിന്ന് ഓടിപ്പോകാനും തങ്ങൾ ഫുട്ബോൾ കളിക്കാരാണ് എന്നറിയുന്ന അയൽക്കാരിൽ നിന്ന് രക്ഷപ്പെടാനും സ്വന്തം ഫുട്ബോൾ ചരിത്രം തന്നെ മായ്ച്ച് കളയാനുമാണ് ഖാലിദയ്ക്ക് പറയാൻ സാധിക്കുന്നത്. “അവരോട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഫോട്ടോകളുമെല്ലാം നീക്കം ചെയ്യാനും രക്ഷപ്പെട്ട് ഒളിക്കാനുമാണ് ഞാനിപ്പോൾ പറയുന്നത്.” അവർ പറഞ്ഞു.
“ഇത് എന്റെ ഹൃദയത്തെ തകർക്കുന്നതാണ്. കാരണം കഴിഞ്ഞ ഇത്രയും വർഷങ്ങളായി ഞങ്ങൾ അഫ്ഗാനിലെ സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അവിടത്തെ സ്ത്രീകളോട് വായടച്ച് അപ്രത്യക്ഷരാകാൻ പറയേണ്ടി വരുന്നു. അവരുടെ ജീവൻ അപകടത്തിലാണ്.” – അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ഖാലിദ വെളിപ്പെടുത്തി. 1996-ൽ താലിബാൻ കാബുൾ പിടിച്ചടക്കിയതോടെ പലായനം ചെയ്ത സംഘത്തിലുണ്ടായിരുന്നതാണ് ഖാലിദ.
പിന്നീട് പാകിസ്താനിലെ അഭയാർഥി ക്യാമ്പിലായിരുന്നു ജീവിതം. പിന്നീട് അഫ്ഗാനിലേക്ക് തിരിച്ചെത്തിയ ശേഷം സ്ത്രീ ശാക്തീകരണത്തിനായി ഖാലിദ കണ്ടെത്തിയത് പെൺകുട്ടികളെ ഫുട്ബോൾ കളിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ 2007-ൽ ഖാലിദയുടെ കീഴിൽ അഫ്ഗാനിസ്താന്റെ ദേശീയ വനിതാ ഫുട്ബോൾ ടീം രൂപപ്പെട്ടു.
ഒരിക്കൽ ഒരു ടിവി ചാനലിൽ താലിബാൻ തങ്ങളുടെ ശത്രുക്കളാണെന്ന ഖാലിദയുടെ പ്രസ്താവന ഭീകരരെ അവർക്കെതിരാക്കി. പിന്നാലെ ധാരാളം വധഭീഷണികളും അവരെ തേടിയെത്തി.
അഫ്ഗാനിസ്താൻ ഫുട്ബോൾ അസോസിയേഷനിൽ ഡയറക്ടർ എന്ന നിലയിൽ ടീമിനെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2011-ൽ ഖാലിദ കളി നിർത്തി. എന്നാൽ ഭീഷണികൾ തുടർന്നു, ഒടുവിൽ 2016-ൽ രാജ്യം വിട്ട് ഡെൻമാർക്കിൽ അഭയം തേടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.