തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി.
സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി.
കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.
1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി.
മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു.
സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ആശാൻ പ്രൈസ്, ഓടക്കുഴൽ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങൾ. 2006ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.