എസ് .എം .കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സുകാരനായ മരുമകൻ വി .ജി .സിദ്ധാർത്ഥയെപ്പറ്റി ബെംഗളൂരുകാർ കൂടുതലറിയുന്നത് .ബെംഗളൂരുവിൽ വിധാനസൗധയ്ക്ക് സമീപമുളള ചാലൂക്യ ഹോട്ടലിൽ സിദ്ധാർത്ഥയ്ക്ക് ഒരു സ്ഥിരം സ്യുട്ടുണ്ടായിരുന്നു .
അക്കാലത്ത് ഗവണ്മെന്റിന്റെയും ബിസിനസുകാരുടെയും ഇടനിലക്കാരനായിരുന്ന അദ്ദേഹം പല ഇടപാടുകളും നടത്തിയത് അവിടെവെച്ചായിരുന്നു .കോഫി ഡേ എന്ന പുതുമയേറിയ വ്യാപാരശ്രുംഖലയുമായി സിദ്ധാർത്ഥ മുന്നേറ്റം തുടങ്ങിയിരുന്നു .എനി തിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി എന്നായിരുന്നു കഫേ കോഫി ഡെയുടെ ടാഗ് ലൈൻ .
വർഷങ്ങൾ കടന്നുപോകവേ രാജ്യത്തൊട്ടാകെ ശാഖകളുള്ള വൻ സംരംഭമായി കോഫി ഡേ വളർന്നു .ലോകമൊട്ടാകെ ബന്ധങ്ങളുള്ള ബിസിനസ് മാഗ്നെറ്റായി സിദ്ധാർത്ഥ മാറി .മറ്റു ബിസിനസ് മേഖലകളിലേക്കും കടന്ന അദ്ദേഹം ഷെയർ മാർക്കറ്റിലും സജീവമായിരുന്നു .ഇക്കഴിഞ്ഞ ദിവസം മംഗലാപുരത്തെ നേത്രാവതി പാലത്തിൽ നിന്നും കാണാതായ സിദ്ധാർത്ഥയുടെ മൃതദേഹം ഇന്നാണ് നേത്രാവതിപുഴയിൽ നിന്ന് കണ്ടെടുത്തത് .
സിദ്ധാർത്ഥയ്ക്ക് ശതകോടികളുടെ കടബാധ്യതയുണ്ടായിരുന്നു .അതിന്റെ സമ്മർദ്ദം താങ്ങാനാവാതെ ആ ഹതഭാഗ്യൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നു കരുതപ്പെടുന്നു . അദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .
അതു ആത്മഹത്യാക്കുറിപ്പു തന്നെയായിരുന്നു .ശതകോടീശ്വരനായ ബിസിനസുകാരന്റെ ദാരുണമായ അന്ത്യം വേദനാജനകമാണ് .ഒരു കപ്പ് കാപ്പിയ്ക്ക് പുറത്ത് എന്തും സംഭവിക്കാം .ആദരാഞ്ജലികൾ ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.