കസാഖ്സ്ഥാനിലെ എണ്ണപ്പാടത്തിൽ തദ്ദേശീയരുമായി സംഘർഷം;മലയാളികളടക്കം150 ഇന്ത്യക്കാരെ തടഞ്ഞു വച്ചു;2 പേർക്ക് പരിക്കേറ്റു;വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ഇടപെട്ടു.

ന്യൂഡൽഹി :കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ  തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി  സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട മലയാളി  അവിടുത്തെ സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചു.

ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് മലയാളി യുവാവ് വെളിപ്പെടുത്തിയത്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ നിര്‍വ്വാഹമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ അല്ലാതെ അവിടെ നിന്ന് പുറത്ത് വരാന്‍ വേറെ വഴിയില്ലെന്നും അവിടെ കുടുങ്ങിയ ഒരു യുവാവ് അറിയിച്ചു.

സഹായം അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികൾ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട്  പറഞ്ഞു.

ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത്. കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വി മുരളീധരൻ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും അറിയിച്ചു.

അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us