ബെംഗളൂരു: കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ 79 എം.എൽ.എ.മാരിൽ 72 പേരും പങ്കെടുത്തു. മുൻമന്ത്രിമാരായ രമേശ് ജാർക്കിഹോളിയും റോഷൻ ബെയ്ഗും വിട്ടുനിന്നെങ്കിലും വിമതപക്ഷത്തുണ്ടായിരുന്ന മഹേഷ് കുമത്തല്ലി, ഡി. സുധാകർ, ബി.സി. പാട്ടീൽ എന്നിവരെ യോഗത്തിനെത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.
മുൻകൂട്ടി അനുമതി വാങ്ങിയ മന്ത്രി സതീഷ് ജാർക്കിഹോളി, റഹീം ഖാൻ, രാജശേഖരപാട്ടീൽ എന്നിവരടക്കം അഞ്ചുപേരും എത്തിയില്ല. പത്ത് എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നായിരുന്നു വിമതനേതാവ് രമേശ് ജാർക്കിഹോളിയുടെ അവകാശവാദം. എന്നാൽ, വിമതപക്ഷത്തുള്ളവരെയടക്കം യോഗത്തിന് എത്തിക്കാൻ കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായി.
ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനോട് ഭൂരിപക്ഷം എം.എൽ.എ.മാർക്കും താത്പര്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേടിയ വിജയത്തിൽ ഇവർക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിനെ നിലനിർത്തണമെന്നാണ് എം.എൽ.എ.മാർ ആവശ്യപ്പെട്ടത്.
നിയമസഭാകക്ഷിനേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു. സർക്കാരിനെ നിലനിർത്തുന്നതിനുള്ള തന്ത്രങ്ങളും മന്ത്രിസഭാവികസനവും യോഗത്തിൽ ചർച്ചയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.