ആം ആദ്മി പാർട്ടി ബി.ജെ.പി യുടെ ഒന്നാം നമ്പർ ശത്രുവാകുന്നതിന്റെ കാരണങ്ങൾ

ബി.ജെ.പി യുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ടത് ദൽഹി ജനതയാണ് . രണ്ടരക്കോടി ജനങ്ങളാണവർ . ഡൽഹിയിലെ നാണം കെട്ട തോൽവിക്ക് ശേഷം അഭിമാനിക്കത്തക്ക ഒരു വിജയവും അവർക്കു എടുത്തു പറയാനില്ല . കൊച്ചു കൊച്ചു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട വിജയങ്ങൾ അവർ പോലും കാര്യമായെടുത്തിട്ടില്ല .ജമ്മു കാശ്മീരിലെ പി.ഡി.പി യുടെ സഹായത്തോടെയുള്ള ഭരണവും ത്സാർഖണ്ഡ് , ഛത്തീസ്‌ഗഡ്‌ തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങളിലെ വിജയവും കേന്ദ്രത്തിലെ രണ്ടാം ഊഴത്തിനു അടിത്തറയാവുമെന്ന തെറ്റുധാരണ മനസ്സിൽ കൊണ്ടു നടക്കാൻ മാത്രം പോഴത്തക്കാരല്ല അവർ . ഉത്തർ ഖണ്ഡിലും അരുണാചൽ പ്രദേശിലും കോൺഗ്രസ് എം.എൽ.എ മാരെ കൂറുമാറ്റിച്ചു പിൻവാതിലിലൂടെ അധികാരത്തിൽ കയറാൻ ശ്രമിച്ചതിന് അത്യുന്നത നീതിപീഠം നൽകിയ തിരിച്ചടികളുടെ മാനക്കേട് വേറെയും .KEJRIWAL

അനുഭവത്തിൽ നിന്ന് പാഠം പഠിക്കില്ല എന്നതാണവരുടെ ശാപം . ബീഹാറിലെ അനുഭവം ഒരിക്കലും അവർ മറക്കാൻ പാടില്ലായിരുന്നു . . അഴിമതിയേക്കാൾ ഭയപ്പെടേണ്ടത് വർഗ്ഗീയതയാണെന്ന തിരിച്ചറിവോടെ നിതീഷ് കുമാർ +ലാലു + കോൺഗ്രസ് സഖ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ ഖെജ്രിവാൾ അവരുടെ ഏറ്റവും വലിയ ശത്രുവായി .
. രാവും പകലും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടും ഡൽഹിയിൽ ആം ആദ്മി സർക്കാരിനെ വിമർശിക്കാനുള്ള ഒരു പഴുതും കിട്ടാതെ നൈരാശ്യം പിടി കൂടിയപ്പോൾ അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപിച്ചു എം.എൽ.എ മാരെ കേസിൽ കുടുക്കാനായി പിന്നത്തെ ശ്രമം ..പതിനാലോളം എം.എൽ.എ മാരിൽ മുഴുവൻ പേരും തെറ്റു ചെയ്യാത്തവരാണെന്നു എ.എ.പിയും വാദിക്കില്ല .
മൂന്നു നാല് വർഷം മാത്രം പ്രായമായ ആ പാർട്ടിയിലേക്ക് പ്രാരംഭ ഘട്ടത്തിൽ കടന്നു കൂടിയവരിൽ സ്ഥാനമോഹികളും മോശമായ പൂർവ്വ കാല ചരിത്രം ഉള്ളവരും ഉണ്ടാകും . എളുപ്പത്തിൽ അധികാരത്തിലെത്താൻ പാർട്ടിയെ ഉപകരണമാക്കിയവർ .ബി.ജെ.പി യെയും കോൺഗ്രസിനെയും ദൂരെക്കളയാനുള്ള ദൽഹി ജനതയുടെ അദമ്യമായ ആഗ്രഹത്തിന് മുൻപിൽ അത്തരക്കാരെ അഗ്നിശുദ്ധി തെളിയിച്ചു മാത്രം ഒപ്പം നിർത്താനുള്ള സാവകാശം പാർട്ടിക്ക് കിട്ടിയില്ല . ആറു മന്ത്രിമാരിൽ മൂന്നു പേരെ – വ്യാജ ബിരുദത്തിന്റെ പേരിൽ ആരോപണത്തിൽ പെട്ട തോമറേയും കെട്ടിട നിർമ്മാണത്തിന് ആറു ലക്ഷം മകൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞ അസീം അഹമ്മദിനെയും പുറത്താക്കിയത് ഒരൊറ്റ ദിവസത്തിന്റെ സംശയത്തിന്റെ ആനുകൂല്യം കൂടി കൊടുക്കാതെയായിരുന്നു .
.
മറ്റു രാഷ്ട്രീയ പാർട്ടികളൊക്കെ ചെയ്യാറുള്ള പോലെ ആരോപണത്തിന് വിധേയരായവരെ സംരക്ഷിക്കാൻ പാർട്ടി നേതൃത്തം ഒരിക്കലും തുനിയാറില്ല . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലൈംഗികാപവാദത്തിൽ കുടുങ്ങിയ ദൽഹി മന്ത്രി സന്ദീപ് കുമാറിന്റെ രാജി .  വൈകുന്നേരം എട്ടു മണിക്കാണ് അദ്ദേഹത്തെ സംബന്ധിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ഫോട്ടോസും സി.ഡി യും മുഖ്യമന്ത്രിക്ക് മുൻപിൽ എത്തുന്നത് . എട്ടരയോടെ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് ട്വിറ്ററിൽ വരുന്നു . അതിനു ശേഷമാണ് ഈ വിവരം പുറംലോകം അറിയുന്നത് തന്നെ . ”പാടത്തെ പണിക്കു വരമ്പത്തു കൂലി കൊടുക്കാൻ ആരുടേയും സമ്മർദ്ദവും സമരവും വേണ്ടി വന്നില്ല എന്ന് സാരം.
ബി.ജെ.പി യും കോൺഗ്രസ്സും തങ്ങളുടെ നേതാക്കന്മാർക്കെതിരെ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ എങ്ങനെ പെരുമാറുന്നു എന്ന് കൂടി ചിന്തിക്കുക . ഗോപിനാഥ്‌ മുണ്ഡെയും സഞ്ജയ് ജോഷിയും ഒക്കെ ബി.ജെ.പി യുടെ സമുന്നത നേതാക്കളായിരുന്നു . അതേ ജോഷിക്കാണ്‌ 2017 തിരഞ്ഞെടുപ്പിൽ ബി.ജെ.പി യെ യു.പി.യിൽ നയിക്കാനുള്ള നിയോഗം എന്നത് കൂടി ചേർത്ത് വായിക്കുക !
. അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട എം.എൽ.എ മാരെപ്പോലും ആം ആദ്മി പാർട്ടി തൽക്ഷണം മാറ്റി നിറുത്തി . മുഴുവൻ ശ്രദ്ധയും ഭരണ ശുദ്ധീകരണത്തിനായി മാറ്റി വെച്ചു .   ബ്യുറോക്രസിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ജനത്തെ മോചിപ്പിച്ചു നാളിതു വരെ അവർക്കു നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിക്കൊടുക്കാനും പാർട്ടി ശ്രമിച്ചു . ഒരളവു വരെ വിജയിക്കുകയും ചെയ്തു.
എണ്ണിയാൽ തീരാത്ത ക്ഷേമ പദ്ധതികൾ , വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത ,ജലവിതരണ രംഗത്തു കുത്തക മുതലാളിമാരുടെ താന്തോന്നിത്തത്തിനു അറുതി വരുത്തിയത് , പാവപ്പെട്ടവർക്ക് കുടിവെള്ളം സൗജന്യമാക്കിയത് , പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ , ഇടനിലക്കാരെ ഒഴിവാക്കിയുള്ള പി.ഡബ്ലിയു .ഡി വകുപ്പ് നേരിട്ട് നടത്തിയ റോഡ് – ഫ്ലൈ ഓവർ നിർമ്മാണങ്ങളിലൂടെ ലാഭിച്ച നൂറുക്കണക്കിന് കോടി രൂപ കൊണ്ട് നിർമ്മിച്ച ഉന്നത നിലവാരം പുലർത്തുന്ന മൊഹല്ല ക്ലിനിക്കുകൾ ….ലോകം മുഴുവൻ അത്ഭുതത്തോടെ കാണുകയും പ്രകീർത്തിക്കുകയും ചെയ്ത ഇത്തരം കാര്യങ്ങൾ മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന കക്ഷിയെ പ്രകോപിപ്പിച്ചു എന്നത് സ്വാഭാവികം .
അസംബ്ലി പാസ്സാക്കിയ ബില്ലുകൾ (ജന ലോക്പാൽ ബില്ലടക്കം ) നിയമമാക്കാൻ അനുവദിക്കാതെ തിരിച്ചയച്ചും മരവിപ്പിച്ചും തുടങ്ങിയ വൈര നിര്യാതനം അതിന്റെ പാരമ്യത്തിൽ എത്തിയത് ഡൽഹിയിലെ ലെഫ്.ഗവർണ്ണർക്ക് സംസ്ഥാന ഭരണത്തിൽ അപ്രമാദിത്തം പ്രഖ്യാപിച്ചു കൊണ്ടുള്ള ദൽഹി ഹൈക്കോടതി വിധി വന്ന ശേഷമാണ് ..  ഒരൊറ്റ ദിവസം അദ്ദേഹം ചെയ്തു കൂട്ടിയത് കാണുമ്പോൾ ജനാധിപത്യം സ്വയം ആത്മഹത്യ ചെയ്തു പോവും .
ദൽഹി സർക്കാർ നിയമിച്ച PWD സെക്രട്ടറിയേയും ഹെൽത്ത് സെക്രട്ടറിയേയും സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള കാരണമായി പറഞ്ഞത് അവർ ഐ.എ.എസ്സുകാർ അല്ലെന്നതാണ് . മൊഹല്ല ക്ലിനിക്കുകളുടെയും പൊതു സ്‌കൂൾ കെട്ടിടങ്ങളുടെയും നിർമ്മാണ ചുമതല സുതാര്യമായി നടത്തിയതിനുള്ള പാരിതോഷികം !
നിയമാനുസൃത ഭരണ കൂടം നിയമിച്ച ഉദ്യോഗസ്ഥരെ സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ മുഖ്യമന്ത്രിയോട് ഒരു വാക്കു അന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്ത ധാർഷ്ട്യം തിരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള വെല്ലുവിളിയും പക പോക്കലുമായിട്ടല്ലാതെ ദൽഹി ജനത കാണുമോ ?
ജനം എല്ലാം കാണുന്നുണ്ട് . പഞ്ചാബിന്റെയും ഗോവയുടെയും ഭാവി ആ രണ്ടു സംസ്ഥാനങ്ങളിലെയും ജനത തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു . തൊട്ടടുത്ത ഹരിയാനയിലെ അസംബ്ലി മന്ദിരത്തിൽ നടന്ന അസംബന്ധ നാടകം കണ്ടു പഞ്ചാബിലെ ജനങ്ങൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവും .. പ്രകാശ് സിങ് ബാദലിനൊപ്പം പഞ്ചാബിൽ ഭരണത്തിൽ പങ്കാളിയായ പാർട്ടി ഒറ്റയ്ക്ക് ഭരിക്കുന്ന , ഒരിക്കൽ പഞ്ചാബിന്റെ ഭാഗമായിരുന്ന ഹരിയാനയുടെ ദുർഗതി ലോകത്തിനു മുൻപിൽ ഈ മഹത്തായ രാജ്യത്തിന്റെ തന്നെ മുഖം വികൃതമാക്കിയത് അവരും കാണുന്നുണ്ടാവും .
ചാണ്ഡിഗഡ് ആ രണ്ടു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമാണ് . അൽഫോൻസ് കണ്ണന്താനത്തിന്റെ സ്ഥാനാരോഹണം ഒരൊറ്റ രാത്രി കൊണ്ട് ജലരേഖയാക്കിയത്  സഖ്യകക്ഷിയായ അകാലിദൾ തന്നെയാണല്ലോ .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us