ബെംഗളൂരു : മൈസൂരുവിൽ ബന്നൂർ താലൂക്കിലെ ഹുനുഗനഹള്ളി ഹുണ്ടിയിലെ ഫാം ഹൗസിൽ അനധികൃത ലിംഗനിർണയ പരിശോധനാ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽപരിശോധന. ഇതേത്തുടർന്ന് അഞ്ചുപേർ അറസ്റ്റിലായി.
ബന്നൂരിനടുത്തുള്ള ഗ്രാമത്തിൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ-കുടുംബക്ഷേമവകുപ്പ് ഒരുമാസത്തിലേറെയായി നിരീക്ഷണം നടത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഒരു ഗർഭിണിയുടെ സഹായത്തോടെ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായതെന്ന് മൈസൂരു ജില്ലാ ആരോഗ്യ ഓഫീസർ പി.സി. കുമാരസ്വാമി പറഞ്ഞു.
ലിംഗനിർണയപരിശോധന നടത്താനെന്ന വ്യാജേന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഒരു ഗർഭിണിയോടൊപ്പം സ്ഥലത്തെത്തുകയായിരുന്നു. ഇവിടെ ഗർഭച്ഛിദ്രവും നടക്കുന്നുണ്ടെന്ന സൂചനയും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
പരിശോധന നടത്തുമ്പോൾ കേന്ദ്രത്തിൽ നാല് ഗർഭിണികളുണ്ടായിരുന്നു. പരിശോധനകൾക്ക് ഉപയോഗിച്ച സ്കാനിങ് മെഷീൻ, സിറിഞ്ചുകൾ, ഗർഭപരിശോധനാ കിറ്റുകൾ, മെഡിക്കൽ രേഖകൾ, ഡയറികൾ, ഒരു സ്വകാര്യ ആശുപത്രി രസീതുകൾ എന്നിവ പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.