ബെംഗളൂരുവിൽ 10 വരി പാതയായ ‘എം.എ.ആർ’ റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

ബെംഗളൂരു : നഗരത്തിലെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമേകിക്കൊണ്ട് ദീർഘനാളായി കാത്തിരുന്ന മൈസൂരു റോഡ് – മഗാഡി റോഡ് മെയിൻ ആർട്ടീരിയൽ റോഡ് (MAR) പദ്ധതി അവസാന ഘട്ടത്തിലേക്ക്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ 10.7 കിലോമീറ്റർ നീളമുള്ള ഈ റോഡ് അടുത്ത 15 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ബംഗളൂരു വികസന അതോറിറ്റി (BDA) ഒരുങ്ങുകയാണ്.

ഏകദേശം 631 കോടി രൂപ ചെലവഴിച്ചാണ് ഈ പുതിയ 10 വരി പാത വികസിപ്പിച്ചിരിക്കുന്നത്. ഇത് സൗത്ത് ബംഗളൂരുവിനും വെസ്റ്റ് ബംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്നവരുടെ യാത്രാസമയവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള അതിവേഗം വളർന്നുവരുന്ന ഒട്ടനവധി ജനവാസ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിക്കും.

മുൻ കർണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുടെ പേരിട്ടിരിക്കുന്ന ഈ ഇടനാഴി മൈസൂരു റോഡിലെ ചല്ലഘട്ടയെയും മഗാഡി റോഡിലെ കടബഗേരെ ക്രോസിനെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. സിഗ്നലുകളോ ടോൾ പിരിവോ ഇല്ലാത്ത തരത്തിലാണ് ഈ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. 300 അടി വീതിയുള്ള ഈ റോഡ് തുറക്കുന്നതോടെ ബംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട നഗര ഗതാഗത ഇടനാഴികളിലൊന്നായി ഇത് മാറും.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

നാദപ്രഭു കെമ്പഗൗഡ ലേഔട്ടിലെ എല്ലാ ഒൻപത് ബ്ലോക്കുകളെയും ഈ ഉയർന്ന ശേഷിയുള്ള റോഡ് ശൃംഖല വഴി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. ഇത് വഴി ബംഗളൂരുവിന്റെ പുറംഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പ്രതിദിന യാത്രക്കാരുടെ ഇന്ധന ഉപഭോഗം ലാഭിക്കാനും സഹായിക്കുമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ അടിസ്ഥാന സൗകര്യങ്ങളും റോഡ് സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് ബംഗളൂരു വികസന അതോറിറ്റി ഈ പദ്ധതി ആരംഭിച്ചത്. ഈ ഇടനാഴിയുടെ നിർമാണത്തിനായി ഏകദേശം 321.21 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. തുടക്കത്തിൽ പദ്ധതിക്ക് 465 കോടി രൂപയാണ് ചിലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, കോവിഡ് പ്രതിസന്ധിയും സാങ്കേതിക വെല്ലുവിളികളും കാരണം നിർമാണം നീണ്ടുപോയതോടെ ആകെ ചിലവ് 631 കോടി രൂപയായി ഉയരുകയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

കമ്പിപുര, കെ. കൃഷ്ണസാഗര, ഭീമനകുപ്പെ, കൊമ്മഘട്ട, കാഞ്ചനപുര, സുലികേരെ തുടങ്ങി ഒട്ടനവധി പ്രധാന ഗ്രാമങ്ങളിലൂടെയും പ്രദേശങ്ങളിലൂടെയുമാണ് ഈ പുതിയ റോഡ് കടന്നുപോകുന്നത്. പ്രദേശവാസികൾക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്നതിനായി ഈ പാതയിലുടനീളം 17 സർവീസ് റോഡ് ആക്സസ് പോയിന്റുകളും അധികൃതർ വികസിപ്പിച്ചിട്ടുണ്ട്. അവസാന ഘട്ട ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ, ബി.ഡി.എ ഉടൻ തന്നെ പാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പാത തുറക്കുന്നതോടെ ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഇതൊരു മികച്ച ബദൽ മാർഗമായി മാറും.

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts