ബെംഗളൂരു : വ്യാജ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിങ്(ബിപിഒ) കമ്പനി സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിവന്ന സംഘത്തിലുൾപ്പെട്ട 16 പേരെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ പ്രവർത്തിച്ചുവന്ന സൈബിറ്റ്‌സ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് സൈബർത്തട്ടിപ്പ് നടത്തിവന്നത്.
അമേരിക്കൻ പൗരരെയും കനേഡിയൻ പൗരരെയുംവരെ ഇവർ വ്യാജ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി പണം തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.
എട്ട് മഹാരാഷ്ട്ര സ്വദേശികളും നാല് മേഘാലയ സ്വദേശികളും ഒഡിഷ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത് സ്വദേശികളായ ഓരോരുത്തരുമാണ് അറസ്റ്റിലായത്.
കമ്പനി 25-ഓളം പേരെ ജോലിക്കാരായി നിയമിച്ചിരുന്നു. ഓൺലൈൻ ജോലി വാഗ്ദാനംചെയ്ത് നിയമിച്ച ഇവരെ പിന്നീട് സൈബർ തട്ടിപ്പുകൾക്ക് പരിശീലനം നൽകി ഉപയോഗിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഓൺലൈൻ വഴി ഇരകളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ ഫോൺവഴി ബന്ധപ്പെട്ട് മയക്കുമരുന്നുകേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഉൾപ്പെട്ടതായി പറഞ്ഞ് പണം തട്ടുകയായിരുന്നു ഇവരുടെ രീതി.
അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും വ്യാജ തിരിച്ചറിയൽ കാർഡുകളും വ്യാജ അറസ്റ്റുവാറന്റുകളും കാണിച്ചായിരുന്നു തട്ടിപ്പ്.
ഡിജിറ്റൽ അറസ്റ്റിലാണെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അവർക്ക് അതിൽനിന്ന് രക്ഷപ്പെടാൻ സഹായം നൽകാമെന്നു പറഞ്ഞാണ് പണംതട്ടിവന്നത്.
ഓൺലൈൻവഴി പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു രീതി. കമ്പനിയിൽ പോലീസ് പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.