പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്.
പതിനായിര കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. സുരക്ഷാ ക്രമീകരണത്തിനായി ഒരുക്കിയ ബാരിക്കേഡുകൾ ആളുകൾ മറികടന്ന് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.