ബെംഗളൂരു : കീഴടങ്ങിയ മാവോവാദികൾ ഒളിപ്പിച്ചുവെച്ച ആയുധശേഖരം പോലീസ് പിടിച്ചെടുത്തു.
ചിക്കമഗളൂരു കൊപ്പ താലൂക്കിലെ ജയപുര കിട്ടലഗുളിക്കടുത്തുള്ള വനമേഖലയിലാണ് തോക്കും വെടിയുണ്ടകളുമുൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയത്.
കീഴടങ്ങുന്നതിനുമുൻപ് മാവോവാദികൾ ഒളിപ്പിച്ചുവെച്ചതാണിതെന്ന് കരുതുന്നു. ഒരു എ.കെ. 56 തോക്കും മൂന്ന് റൈഫിളുകളും ഒരു നാടൻതോക്കും ഒരു സിംഗിൾ ബാരൽ ഗണ്ണും 176 വെടിയുണ്ടകളുമാണ് ജയപുര പോലീസ് പിടിച്ചെടുത്തത്.
കീഴടങ്ങിയ മാവോവാദികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയതെന്ന് ചിക്കമഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. വിക്രം അമാത്തെ പറഞ്ഞു. 1959-ലെ ആയുധനിയമപ്രകാരം കേസെടുത്തെന്നും അറിയിച്ചു.
വയനാട് സ്വദേശിയായ വനിതയുൾപ്പെടെ ആറു മാവോവാദികളാണ് ബുധനാഴ്ച ബെംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുൻപിൽ കീഴടങ്ങിയത്. ചിക്കമഗളൂരുവിലെ വനത്തിൽനിന്നുമാണ് ഇവർ കീഴടങ്ങാനായി ഇറങ്ങിവന്നത്.
ആയുധമില്ലാതെയായിരുന്നു ഇവരുടെ കീഴടങ്ങൽ. ഇത് മുൻനിർത്തി ഇവരുടെ കീഴടങ്ങലിൽ ദുരൂഹതയാരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
ആയുധമില്ലാതെ കീഴടങ്ങിയത് മാവോവാദികളുടെ നാടകമാണെന്ന് ആരോപിച്ചിരുന്നു.
ആയുധങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിവരുകയാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. അതിനിടെയാണ് ആയുധശേഖരം പോലീസ് കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.