ബെംഗളൂരു: ബെസ്‌കോം വഴി മാലിന്യ നിർമാർജനത്തിനുള്ള ഫീസ് ഈടാക്കാൻ ഒരുങ്ങുന്നു. അടുത്തവർഷംമുതലാണ് വീടുകളിൽനിന്ന് മാലിന്യംശേഖരിക്കുന്നതിന് ഫീസ് ഈടാക്കിത്തുടങ്ങുന്നത്.
ഓരോമാസവും യൂസർ ഫീസ് ശേഖരിക്കുന്നതിനായി ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) സഹായം തേടാനാണ് ബി.ബി.എം.പി. ലക്ഷ്യമിടുന്നത്. എല്ലാമാസവും വൈദ്യുതിബിൽ നൽകുന്നതിനായി വീടുകളിൽ പോകുന്ന ബെസ്‌കോം ജീവനക്കാർ മാലിന്യനിർമാർജനത്തിനുള്ള ബിൽകൂടി നൽകും.
ബിൽ അടയ്ക്കാൻ തയ്യാറാകാത്തവരെ ബെസ്‌കോം ജീവനക്കാർ ഈകാര്യം ബി.ബി.എം.പി.യെ അറിയിക്കും. ഇവരിൽനിന്ന് ബി.ബി.എം.പി. നേരിട്ട് യൂസർഫീസ് ശേഖരിക്കും. ജനങ്ങളിൽനിന്നുള്ള പിഴയായിട്ടല്ല ഈടാക്കുന്നതെന്നും സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമപ്രകാരം യൂസർ ഫീസായിട്ടാണ് ഈടാക്കുന്നതെന്നും സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്പെഷ്യൽ കമ്മിഷണർ രൺദീപ് ദേവ് പറഞ്ഞു.
ഇതുവരെ മാലിന്യം ശേഖരിക്കുന്നതിന് ബി.ബി.എം.പി. ഫീസ് ഈടാക്കിയിരുന്നില്ല. ജനുവരി മുതൽ കുറഞ്ഞത് 200 രൂപവീതം ഇടാക്കാനാണ് തീരുമാനം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്ലാബുകളാക്കി തിരിച്ചാകും ഫീസ് ഈടാക്കുക. കുറഞ്ഞ വരുമാനമുള്ളവർ മിനിമം സ്ലാബിൽ ഉൾപ്പെടും.
മാലിന്യം വീടുകളിൽ സ്വന്തമായി നിർമാർജനം ചെയ്യുന്നവർക്ക് ഫീസിൽ ഇളവുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ നഗരത്തിലെ 32 ലക്ഷം വീടുകളിൽനിന്നാകും ഫീസ് ഈടാക്കുക. മാലിന്യം സംസ്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാരിൽനിന്ന് ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാൽ ബി.ബി.എം.പി. സ്വന്തമായി ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് യൂസർഫീസ് ഈടാക്കുന്നത്.
ഇതിലൂടെ ഓരോവർഷവും 200 കോടിമുതൽ 300 കോടി രൂപവരെ ലഭിക്കുമെന്നാണ് ബി.ബി.എം.പി.യുടെ കണക്കുകൂട്ടൽ. മാലിന്യം ശേഖരിക്കുന്നതിന് ഫീസ് ഈടാക്കുന്നതിന് കഴിഞ്ഞ ജൂണിൽ ബി.ബി.എം.പി. കൗൺസിലും സർക്കാരും അനുമതി നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ മാലിന്യശേഖരണത്തിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നഗരവാസികൾ എതിർപ്പറിയിച്ചിട്ടുണ്ട്.
വൈദ്യുതിബില്ലിനും കുടിവെള്ള ബില്ലിനും പുറമേ മാലിന്യം കളയുന്നതിനും കാശ് കൊടുക്കേണ്ടിവരുന്നത് അധികബാധ്യതയാണെന്ന് നഗരവാസികൾ പറഞ്ഞു. മാലിന്യശേഖരണത്തിന് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.