കപ്പില്ല എങ്കിൽ കലിപ്പെങ്കിലും അടക്കാം എന്ന് കരുതിയ ബ്ലാസ്റ്റേഴ്സിനു അതും നടന്നില്ല. ഇന്ന് ബെംഗളൂരുവിൽ നാലാം ഐ എസ് എൽ സീസണിലെ അവസാന മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഇഞ്ച്വറി ടൈം ഗോളുകളിൽ പരാജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ അവരുടെ നാട്ടിൽ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.
ഇരു ടീമുകൾക്കും ഫലം പ്രശ്നമാകില്ല എന്നതുകൊണ്ട് തന്നെ വിരസമായ മത്സരമാണ് കണ്ടീരവയിൽ ഇന്ന് കണ്ടത്. മികച്ച അവസരങ്ങൾ ഒന്നും ഇരുടീമുകളും ഇന്ന് സൃഷ്ടിച്ചില്ല. ജാക്കിചന്ദ് സിംഗിന് ആദ്യ പകുതിയിൽ പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയുമായി. രണ്ടാം പകുതിയിൽ അവസാന മിനുട്ടുകളിൽ യുവതാരം സഹൽ അബ്ദുൽ സമദ് സബ്ബായി ഇറങ്ങി എങ്കിലും മികവ് തെളിയിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. കളി സമനിലയാകും എന്ന് കരുതിയ നിമിഷമാണ് മികു 91ആം മിനുട്ടിൽ കേരളത്തിന്റെ വല കുലുക്കുന്നത്. പരാജയം ഉറപ്പിച്ച കേരളം ഇഞ്ച്വറി ടൈമിൽ തന്നെ രണ്ടാം ഗോളും വഴങ്ങി. ഉദാന്ത സിംഗാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്.
ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 18 മത്സരങ്ങളിൽ നിന്ന് 25 പോയന്റിൽ കേരളം ഈ സീസൺ അവസാനിപ്പിച്ചു. ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത് എങ്കിലും അടുത്ത മത്സരം ജയിച്ചാൽ മുംബൈ സിറ്റിക്കും 26 പോയന്റോടെ ആറാം സ്ഥാനത്തെത്തും.
നാളെത്തെ മത്സരത്തിൽ ഡെൽഹി ഡൈനാമോസ് പൂനെ സിറ്റിയെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.