ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പാർക്ക് ഇനി കർണാടകക്ക് സ്വന്തം;പാവഗഡയിൽ ഇന്നലെ ഉൽഘാടനം ചെയ്തത് 2000 മെഗാവാട്ട് സൗരോർജ്ജ നിലയം!

തുമക്കൂരു : രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വൈദ്യുതി ഉൽപാദന പാർക്ക് തുമക്കൂരു ജില്ലയിലെ പാവഗഡയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഇന്നലെ തിരുമാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പാർക്ക് ഉദ്ഘാടനം ചെയ്തു. 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളർ പാർക്ക് 13,000 ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. 16,500 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച പാർക്കിൽ നിന്നുള്ള വൈദ്യുതി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്കും വിതരണം ചെയ്യും. യൂണിറ്റിന് മൂന്ന് രൂപ 30 പൈസ നിരക്കിലാണ് ഇവിടെനിന്നുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ പാർക്കിൽ അഞ്ച് സ്വകാര്യ കമ്പനികളും പവർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കർണാടകയുടെ സൗരോർജ നയത്തിൽ 2021ഓടെ 5000 മെഗാവാട്ട് സോളർ വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കർണാടകയിൽ പാരമ്പര്യേതര ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സോളർ പാർക്കുകളും കാറ്റാടി (വിൻഡ് മിൽ) പാർക്കുകളും സ്ഥാപിക്കുന്നത്. നിലവിൽ താപവൈദ്യുതി നിലയങ്ങളെ ആശ്രയിച്ചാണ് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ 30 ജില്ലകളിലേക്കും വൈദ്യുതിയെത്തിക്കുന്നത്. കേന്ദ്രപൂളിൽ നിന്നുള്ള കൽക്കരി വിതരണം വെട്ടിച്ചുരുക്കിയതോടെ  കനത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. കർഷകർക്ക് സോളർ വൈദ്യുതി പമ്പുകൾ വിതരണം ചെയ്യുന്ന സൂര്യ റെയ്ത്ത പദ്ധതിക്കും കഴിഞ്ഞമാസം സർക്കാർ തുടക്കമിട്ടിരുന്നു.
വരൾച്ചയും വിളനാശവും കാരണം തുമക്കൂരു ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പാലായനം ചെയ്യുന്ന ഗ്രാമമെന്ന പേരായിരുന്നു മൂന്നു വർഷം മുൻപുവരെ പാവഗഡയ്ക്കുണ്ടായിരുന്നത്. കുഴൽക്കിണറുകൾ വരെ വറ്റിയ സാഹചര്യത്തിൽ ഭൂമി വിൽക്കാൻപോലും സാധിക്കാതെയാണ് ഇവിടത്തെ കർഷകർ ജോലിതേടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലെത്തിയിരുന്നത്. തുടർന്നാണ് കർണാടക സോളർ പവർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സോളർ പാർക്കിനായി പാവഗഡയിലെത്തുന്നത്.

അഞ്ച് ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പാർക്കിനായി ഭൂമി കർഷകരിൽനിന്ന് പാട്ടവ്യവസ്ഥയിലാണ് ഏറ്റെടുത്തിരിക്കുന്നത്. ഏക്കറിന് പ്രതിവർഷം 21,000 രൂപ കർഷകനു ലഭിക്കും. ഓരോ വർഷവും തുകയിൽ അഞ്ച് ശതമാനം വർധനയുണ്ടാകും. കൂടാതെ ഗ്രാമങ്ങളിലേക്ക് ടാർ റോഡുകളും പവർ പ്ലാന്റുകളും കുടിവെള്ള പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പ്രദേശവാസികളായ  4000 പേർക്കാണ് ആദ്യഘട്ടത്തിൽ പാർക്കിൽ ജോലി നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us