കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : കെമ്പെഗൗഡ ജയന്തി പരിപാടിക്കിടെ കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വറിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും വാഹനത്തിന് നേരെ ചെരിപ്പെറിയുകയും ചെയ്ത സംഭവത്തിൽ ജെഡിഎസ് യുവനേതാവ് ഉൾപ്പെടെ നാല് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് യുവനേതാവ് അഖിൽ റെഡ്ഡി, എംഎൽഎയുടെ കാറിന് നേരെ ചെരിപ്പെറിഞ്ഞ വ്യക്തി എന്നിവരടക്കമുള്ളവരാണ് പിടിയിലായത്. ചിക്കബെല്ലാപുര ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) കുശാൽ ചൗക്സി വാർത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ചിക്കബെല്ലാപുര കന്നഡ ഭവനിൽ നടന്ന കെമ്പെഗൗഡ ജയന്തി ആഘോഷ പരിപാടിക്കിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ പ്രദീപ് ഈശ്വർ എംഎൽഎ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി-ജെഡിഎസ് (എൻഡിഎ) സഖ്യത്തിലെ പ്രവർത്തകർ കന്നഡ ഭവനിലേക്ക് ഇരച്ചുകയറുകയായിരുന്നു. എംഎൽഎ പ്രസംഗിക്കാൻ ആരംഭിച്ചതോടെ പ്രതിഷേധക്കാർ ബഹളം വെക്കുകയും പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു. കുമാരസ്വാമിക്കെതിരായ പരാമർശത്തിൽ എംഎൽഎ മാപ്പ് പറയണമെന്നും അദ്ദേഹത്തെ ചടങ്ങിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ കന്നഡ ഭവന് അകത്തും പുറത്തും പോലീസും പ്രവർത്തകരും തമ്മിൽ വൻ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തുടർന്ന് ബിബി റോഡിലെ ശനി മഹാത്മാ ക്ഷേത്രം വരെ എംഎൽഎയെ അനുകൂലിക്കുന്നവരും എൻഡിഎ പ്രവർത്തകരും തമ്മിൽ തെരുവിൽ മുദ്രാവാക്യം വിളികളുമായി നേർക്കുനേർ നിന്നു. ഇതിനിടയിൽ പ്രകോപിതനായ ഒരു എൻഡിഎ പ്രവർത്തകൻ എംഎൽഎ പ്രദീപ് ഈശ്വറിന്റെ കാറിന് നേരെ ചെരിപ്പെറിയുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമാവുകയും വലിയ തോതിൽ ക്രമസമാധാന പ്രശ്നം ഉടലെടുക്കുകയും ചെയ്തു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

സംഭവത്തിൽ നൂറിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് എസ്പി കുശാൽ ചൗക്സി അറിയിച്ചു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ അക്രമത്തിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് തീവ്രമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന തരത്തിൽ പോലീസ് വകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾ എസ്പി പൂർണ്ണമായി തള്ളിപ്പറഞ്ഞു. പരിപാടിക്കായി പോലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയെ ബോധപൂർവം അപമാനിക്കാൻ ലക്ഷ്യമിട്ടാണ് അക്രമികൾ രംഗത്തെത്തിയതെന്നും നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്പി കുശാൽ ചൗക്സി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts