മുംബൈ: മഴ മാറി തെളിഞ്ഞ ആകാശത്ത് ഇന്ത്യൻ വനിതകൾ പുതിയ ചരിത്രമെഴുതി. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒരു പൊൻമുത്തം വിരിഞ്ഞു. ദീപ്‌തി ശർമയും ഷഫാലി വർമയും വീരവനിതകളായി. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് അവസാനം. മുന്പ് രണ്ട് തവണ കൈവിട്ട കിരീടം മൂന്നാം ശ്രമത്തിൽ ഇന്ത്യ മാറോടണച്ചു.
നവി മുംബൈയിൽ പെയ്‌ത കനത്ത മഴയുടെ തണുപ്പിൽ മരവിക്കാതെ ഹർമൻപ്രീത് കൗറും കൂട്ടരും പൊരുതുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്‌ത് നേടിയ ഏഴിന് 298 റൺ ഒരുഘട്ടത്തിൽ മതിയാകുമോ എന്ന തോന്നലുയർത്തി. എന്നാൽ ബാറ്റിൽ കണ്ട അതേ വീര്യം പന്തിലും പുറത്തെടുത്ത ഷഫാലിയും ദീപ്‌തിയും ദക്ഷിണാഫ്രിക്കയുടെ കന്നി മോഹങ്ങളെ നുള്ളിയെറിഞ്ഞ് കിരീടം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. 52 റണ്ണിന്റെ ചരിത്രജയമാണ് ഇന്ത്യ നേടിയത്.
58 പന്തിൽ 58 റണ്ണടിക്കുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത ദീപ്‌തി ലോകകപ്പിന്റെ തന്നെ താരമായി മാറി. ഒരു റണ്ണൗട്ടുംകൂടി പട്ടികയിൽ ചേർത്താണ് ദീപ്‌തി ലോകകപ്പ് സ്വന്തം പേരിലാക്കിയത്. 9.3 ഓവറിൽ 39 റൺമാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം.
ഷഫാലി, ഒരുവര്‍ഷത്തിന്റെ ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തി രണ്ടാം കളിയിൽതന്നെ മികവ് അറിയിച്ചു. 78 പന്തിൽ 87 റണ്ണും രണ്ട് വിക്കറ്റും.മഴകാരണം രണ്ട് മണിക്കൂർ വൈകി തുടങ്ങിയ കളിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ടോസ്. ആദ്യ ഓവറിൽ സ്‌മൃതി മന്ദാനയ്‌ക്ക് റണ്ണെടുക്കാനായില്ല. ഷഫാലി നേരിട്ട ആദ്യ പന്ത് ബൗണ്ടറി നേടി തുടങ്ങി.
ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലയുറപ്പിക്കാൻ വിടാതെയായിരുന്നു ആക്രമണം. 49 പന്തിൽ 50 തികച്ചശേഷം റണ്ണടിയുടെ വേഗംകൂടി. ഒടുവിൽ 28–ാം ഓവറിൽ അയബോങ ഖാകയാണ് മടക്കിയത്. അപ്പോഴേക്കും രണ്ട് സിക്‌സറും ഏഴ് ഫോറും പറത്തി.മറുപടിയിൽ ലോകകപ്പിലെ മികച്ച റണ്ണടിക്കാരി വുൾവാർഡ്‌റ്റിനെ മെരുക്കുകയായിരുന്നു ഇന്ത്യയുടെ കഠിനമായ ജോലി. അവരുടെ തുടക്കം മികച്ചതായിരുന്നു.
സ്‌പിന്നർമാരിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. പക്ഷേ, വുൾവാർഡ്‌റ്റും അന്നെറി ഡെക്‌സനും ചേർന്ന് ദക്ഷിണാ-്രഫിക്കയ്‌ക്ക് ജയ പ്രതീക്ഷ നൽകി. ഡെർക്‌സനെ (35) പുറത്താക്കി ദീപ്‌തി കളി തിരികെ പിടിച്ചു. അടുത്ത ഓവറിൽ വുൾവാർഡ്‌റ്റിനെയും മടക്കി ദീപ്‌തി ജയത്തിലേക്ക് നയിച്ചു. അമൻജോത് കൗറിന്റെ മനോഹര ക്യാച്ചിലാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ മടങ്ങുന്നത്. ഒടുവിൽ 45.3 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററെയും പുറത്താക്കി ഇന്ത്യൻ ഓൾറൗണ്ടർ ആഘോഷത്തിന് മരുന്നിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
