ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എറണാകുളം വന്ദേഭാരത് എക്സ്പ്രസ് സർവീസ് വരുന്നത്.
ഏറ്റവും ഉടനെയുള്ള സൗകര്യപ്രദമായ ദിവസം ഉദ്ഘാടന സർവീസിനായി തിരഞ്ഞെടുക്കാൻ റെയിൽവേ മന്ത്രാലയം ദക്ഷിണ-പശ്ചിമ റെയിൽവേക്കും ദക്ഷിണ റെയിൽവേക്കും നിർദേശം നൽകി.
ഉദ്ഘാടന സർവീസ് ആവശ്യമെങ്കിൽ സ്പെഷ്യൽ സർവീസാക്കി നടത്താനും നിർദേശിച്ചു. യാത്രക്കാർ ഏറെ മുറവിളിയുയർത്തിയതിന്റെ ഫലമായി കഴിഞ്ഞവർഷം ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരുന്നു.
കഴിഞ്ഞവർഷം ജൂലായ് 31-ന് ആരംഭിച്ച സർവീസ് ഓഗസ്റ്റ് 26-ന് അവസാനിപ്പിച്ചു. സർവീസ് നീട്ടണമെന്നും സ്ഥിരമാക്കണമെന്നും യാത്രക്കാർ ആവശ്യമുന്നയിച്ചെങ്കിലും നടപടിയായിരുന്നില്ല.
ഇപ്പോൾ സ്ഥിരം സർവീസായി വന്ദേഭാരത് എത്തുന്നത് മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. തീവണ്ടിയുടെ സമയക്രമം പ്രസിദ്ധീകരിച്ചതോടെ സർവീസ് ഉടൻ ആരംഭിക്കും.
സർവീസ് ബെംഗളൂരുവിൽനിന്ന് ആരംഭിക്കുന്ന സമയം പുലർച്ചെയായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് എല്ലാ ദിവസവും രാവിലെ 5:10 ന് ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50 ന് എറണാകുളം ജംഗ്ഷനിൽ എത്തും. മടക്കയാത്രയ്ക്കായി, ട്രെയിൻ നമ്പർ 26652 എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2:20 ന് പുറപ്പെട്ട് രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തും.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. പതിവ് സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യതയുമുണ്ട്. ദക്ഷിണ, ദക്ഷിണ പശ്ചിമ റെയിൽവേ സോണുകൾക്ക് അടിയന്തര തയ്യാറെടുപ്പുകൾ നടത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
