ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആരെങ്കിലും ആവശ്യപ്പെടുമോയെന്ന് കര്‍ണാടക പി.ഡബ്യു.ഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളി. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആര്‍.സി.ബിയുടെ വിജയാഘോഷ ചടങ്ങിനിടെ ആളുകള്‍ മരിച്ചതില്‍ ബി.ജെ.പി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
26 സിവിലിയന്‍മാരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.അതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ.കോണ്‍ഗ്രസ് സര്‍ക്കാറിനൊപ്പം നില്‍ക്കുകയായിരുന്നു അപ്പോള്‍ ചെയ്തതെന്നും ചിക്കമംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആര്‍.സി.ബി പരിപാടി നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
പരിപാടിക്ക് ആരാണ് അനുമതി തേടിയതെന്നും ആരാണ് അത് കൊടുത്തതെന്നും ഇപ്പോള്‍ വ്യക്തമല്ല. ഇനി ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.