ബെംഗളൂരു : കർണാടകത്തിലെ ഭോവി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈഎസ്‌പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റുചെയ്തു.
കഴിഞ്ഞ നവംബർ 22-നാണ് അഭിഭാഷകയും വ്യവസായിയുമായ എസ്. ജീവ (35) ആത്മഹത്യചെയ്തത്. അഴിമതിക്കേസിൽ ചോദ്യംചെയ്യുന്നതിനിടെ കനകലക്ഷ്മി അപമാനിച്ചെന്നും ശരീരത്തിൽ സയനൈഡ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടോയെന്ന് ചോദിച്ച് വസ്ത്രമഴിച്ചെന്നും 11 പേജുള്ള ആത്മഹത്യക്കുറിപ്പിൽ ജീവ ആരോപിച്ചിരുന്നു.
25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും മറ്റുള്ളവരുടെമുന്നിൽവെച്ച് ഡിവൈഎസ്‌പി അപമാനിച്ചെന്നും ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് ബെംഗളൂരു പോലീസ് കനകലക്ഷ്മിക്കെതിരേ കേസെടുക്കുകയായിരുന്നു. 2021-ലാണ് ഭോവി വികസന കോർപ്പറേഷനിലെ അഴിമതി പുറത്തുവന്നത്.
ഭോവി സമുദായാംഗങ്ങൾക്ക് വായ്പ നൽകാനായി കോർപ്പറേഷൻ നീക്കിവെച്ച പണം ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം.