ബെംഗളൂരു: കാമുകിയെ വിഷംകൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ച 53കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.
ബന്ധുവായ കാമുകി, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
മാറാത്തഹള്ളിക്ക് സമീപമുള്ള സ്പൈസ് ഗാര്‍ഡനില്‍ താമസിക്കുന്ന ഇമാദ് ബാഷയാണ് പ്രതി.
കച്ചരക്കനഹള്ളിയിലെ ഉസ്മ ഖാന്‍ ആണ് ഇരയെന്നും ഡിസിപി (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ അറിയിച്ചു.
എട്ട് വര്‍ഷം മുമ്പ് ഇരുവരും തങ്ങളുടെ പങ്കാളികളില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.
വിവാഹം യാഥാര്‍ഥ്യമായില്ലെങ്കിലും അവര്‍ പരസ്പരം ബന്ധം തുടര്‍ന്നിരുന്നു.
പത്ത് മാസം മുമ്പ് , ബാഷ മുംബൈയിലേക്ക് താമസം മാറാന്‍ തീരുമാനിക്കുകയും തന്റെ ഫ്ലാറ്റ് ഒഴിയുകയും ചെയ്തു.
ഉസ്മയാകട്ടെ എച്ച്‌ബിആര്‍ ലേഔട്ടിലുള്ള അമ്മയുടെ വീട്ടിലേക്ക് താമസം മാറി.
എന്നാല്‍ അധികം വൈകാതെ ബാഷ ബെംഗളൂരുവിലേക്ക് മടങ്ങി കുണ്ടലഹള്ളിയിലെ ദീപം അപ്പാര്‍ട്ട്‌മെന്റില്‍ താമസം ആരംഭിച്ചു.
ഉസ്മ പലപ്പോഴും ബാഷയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരു തവണയെത്തിയപ്പോള്‍ ബാഷ മൊബൈല്‍ ഫോണ്‍ ക്ലോണ്‍ ചെയ്ത് ഉസ്മയുടെ എല്ലാ സന്ദേശങ്ങളും ആക്സസ് ചെയ്തു.
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിക്കാന്‍ ഉസ്മ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ബാഷയ്ക്ക് ആ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ഡിസംബര്‍ 31ന്, തന്നോടൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഉസ്മയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു.
രാത്രി 12.30 വരെ ഉസ്മ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ജനുവരി 1 ന് ഉച്ചയോടെ, ഉസ്മയുമായുള്ള ബന്ധത്തില്‍ തന്റെ ആദ്യ ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ ഉസ്മയോടൊത്ത് ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് ബാഷ ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചു.
ഉസ്മയുടെ സഹോദരന്‍ ഹിമായത്ത് ഖാന്‍ ഉടനെ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും ഉസ്മ മരിച്ചിരുന്നു.
ജീവനോടെയുണ്ടായിരുന്ന ബാഷയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തുടരന്വേഷണത്തിലാണ് ബാഷയുടെ കുറ്റങ്ങൾ തെളിഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.