ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെപേരിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഒരു കുറ്റപത്രംകൂടി സമർപ്പിച്ചു.
ലൈംഗികപീഡനക്കേസിൽ പ്രജ്ജ്വലിന്റെ പേരിലുള്ളരണ്ടാമത്തെ കുറ്റപത്രമാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ പോലീസ് സമർപ്പിച്ചത്.
പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഹൊളെനരസിപുരയിലുള്ള ഫാം ഹൗസിലെ മുൻജീവനക്കാരിയായ 48-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1632 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
സ്ത്രീയെ രണ്ടുതവണ പ്രജ്ജ്വൽ ബലാത്സംഗംചെയ്തതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
ആദ്യം ഹൊളെനരസിപുരയിലെ ഫാം ഹൗസിൽവെച്ചും ഏതാനുംദിവസത്തിനുശേഷം പ്രജ്ജ്വലിന്റെ അച്ഛനും എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിൽവെച്ചുമാണ് അതിക്രമംനടന്നതെന്നും പറയുന്നു.
മറ്റൊരവസരത്തിൽ ഫാം ഹൗസിൽവെച്ച് പ്രജ്ജ്വൽ പീഡിപ്പിക്കാൻശ്രമിച്ചപ്പോൾ ഇവർ രക്ഷപ്പെട്ടതായും പറയുന്നു. 2012-ലാണ് കുറ്റപത്രത്തിൽപ്പറയുന്ന അതിക്രമങ്ങളുണ്ടായത്.
ഇതിന്റെ വീഡിയോദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. 113 സാക്ഷികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
ഈ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതിന് എച്ച്.ഡി. രേവണ്ണയെ നേരത്തേ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.
ഇപ്പോൾ ജാമ്യത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പ്രജ്ജലിന്റെ അതിക്രമങ്ങളുടെ വീഡിയോ പുറത്തായപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്.
പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കാതിരിക്കാൻ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണയുടെ പേരിലുള്ള കേസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.