ഡൽഹി: പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026-ന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടിയാണ് കേരളം, കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ജാർഖണ്ഡും കേന്ദ്ര നിയമത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനാണ് തീരുമാനം.
ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നേറ്റം.
നിയമം നടപ്പിലായാൽ ക്വാറികൾ, ഖനന മേഖലകൾ, ധാതുസമ്പന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നികുതിയും സെസ്സും പിരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിലേക്ക് മാറ്റപ്പെടും എന്നതാണ് സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. കൂടാതെ ഖനനത്തിനായി ഭൂമി പാട്ടത്തിന് നൽകാനുള്ള അവകാശവും കേന്ദ്രത്തിലധിഷ്ഠിതമാകും. ഏതെങ്കിലും പ്രദേശത്ത് അഞ്ച് ശതമാനം ധാതു സാന്നിധ്യം കണ്ടെത്തിയാൽ ആ സ്ഥലം ഖനന ഭൂമിയായി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്രത്തിന് വ്യവസ്ഥ നൽകുന്നതാണ് പുതിയ ഭേദഗതി.
കരിങ്കല്ല്, ചെങ്കല്ല്, മണൽ തുടങ്ങിയ സാധാരണ നിർമാണ സാമഗ്രികളുടെ നിയന്ത്രണവും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇതിലൂടെ ഖനന മേഖല പൂർണ്ണമായും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് പോകുമെന്നും ഭൂമിക്കുമേലുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരപ്പെടുമെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
