ബെംഗളൂരു: വൻകിട മരുന്ന് കമ്പനികളുടെ പേരിൽ വ്യാജമരുന്നുകൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന കൂറ്റൻ സംഘത്തെ ഡ്രഗ് വിംഗ് ഓഫ് ദി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.എസ്.ഡി.എ) പിടികൂടി. ഫൈസർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകളും കുറഞ്ഞത് അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന വ്യാജമരുന്നുകളും റൈഡിൽ അധികൃതർ പിടിച്ചെടുത്തു.
മൈസൂരു റോഡിലെ ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഒരു സ്ഥാപന കേന്ദ്രത്തിൽ ചൊവ്വാഴ്ചയാണ് പരിശോധന നടന്നത്. സാധാ മരുന്നുകൾ ശേഖരിച്ച് പ്രമുഖ ആഗോള ബ്രാൻഡുകളുടെ കവറുകളിലും ലേബലുകളിലും മനോഹരമായി റീപാക്ക് ചെയ്ത് വിൽപന നടത്തുകയായിരുന്നു ഇവിടുത്തെ രീതി. പരിശോധനയിൽ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ മുഴുവൻ മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മരുന്ന് പാക്കറ്റുകൾ അടങ്ങിയ കാർട്ടണുകൾ, പുതിയ ലേബലുകൾ, നോച്ചിംഗ് മെഷീൻ, ‘കൗശിക് ഫാർമസ്യൂട്ടിക്കൽസ്’ എന്ന പേരിലുള്ള ഇൻവോയ്സ് എന്നിവ റൈഡിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പഴയ ലേബലുകൾ മാറ്റാൻ ഉപയോഗിക്കുന്ന സ്റ്റിക്കർ റിമൂവർ സ്പ്രേ ബോട്ടിലും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.എസ്.ഡി.എ സംഘം പരിശോധനയ്ക്ക് എത്തിയതെന്ന് എഫ്.എസ്.ഡി.എ കമ്മീഷണർ ശ്രീനിവാസ് കെ പറഞ്ഞു. വെറും 600 മുതൽ 700 രൂപ വരെ മാത്രം വിലയുള്ള വ്യാജ മരുന്നുകൾ വാങ്ങി, പ്രമുഖ കമ്പനികളുടെ ലേബൽ ഒട്ടിച്ച് 6,000 മുതൽ 7,000 രൂപ വരെ ഈടാക്കിയാണ് ഇവർ വിറ്റിരുന്നത്. മരുന്നുകളുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വ്യാജമരുന്നുകൾ വാങ്ങി വിറ്റഴിച്ച റീട്ടെയിലർമാരെ കണ്ടെത്താനും, ഇവ അറിയാതെ വാങ്ങിയ ഉപഭോക്താക്കളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]