വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി/മംഗളൂരു: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനമായ ‘വന്ദേമാതരം’ ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ പരാതി. സ്വാതന്ത്ര്യദിന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ‘വന്ദേമാതരം’ ആലാപനം നിർത്തിവെക്കാൻ പ്രവർത്തകരോട് ആംഗ്യം കാണിക്കുന്നതും, ഗാനാലാപനത്തിനിടെ സോണിയ ഗാന്ധി മറ്റു നേതാക്കളോട് സംസാരിക്കുന്നതും വീഡിയോയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു ബിജെപി നേതാവ് വികാസ് പുത്തൂർ ഉർവ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

ദേശീയഗാനമായ ‘ജനഗണ മന’യ്ക്ക് നൽകുന്ന അതേ ആദരവും ബഹുമാനവും ‘വന്ദേമാതരം’ ഗാനത്തിനും നൽകേണ്ടതുണ്ടെന്നും, അത് മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ പദവികൾ നോക്കാതെ നടപടി സ്വീകരിക്കണമെന്നും വികാസ് പുത്തൂർ ആവശ്യപ്പെട്ടു. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts