കൊച്ചി: മുൻ ബിഗ് ബോസ് താരവും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിലും വിവാദങ്ങളിലും ഭാര്യയും സംരംഭകയുമായ ആരതി പൊടിയെ വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പ്. റഫീല നിസാർ അഹമ്മദ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനാധ്വാനം കൊണ്ട് ഫാഷൻ രംഗത്ത് സ്വന്തമായി സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ് ആരതിയെന്നും, പങ്കാളിയുടെ ഉത്തരവാദിത്തമില്ലായ്മയോ സാമ്പത്തിക ബാധ്യതകളോ സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കോയമ്പത്തൂരിൽ നിന്ന് ബി.എസ്.സി ഫാഷൻ ടെക്നോളജി പൂർത്തിയാക്കി സ്വന്തം നിലയിൽ ബിസിനസ് കെട്ടിപ്പടുത്ത ആരതി, ‘പൊടീസ്’ എന്ന ഫാഷൻ ബ്രാൻഡിന്റെ അമരക്കാരിയാണ്. ഡിസൈനർ, മോഡൽ, നടി എന്നീ നിലകളിൽ തിളങ്ങിയ 29-കാരിയായ ആരതി വിവാഹത്തിന് മുൻപ് തന്നെ വിജയകരമായി ബിസിനസ് നടത്തിവന്നയാളാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവിതത്തിൽ എടുത്ത ഒരു തെറ്റായ തീരുമാനത്തിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും, സ്വന്തമായി അധ്വാനിക്കാൻ മടിയുള്ള വ്യക്തിയോടൊപ്പമുള്ള ജീവിതം ബുദ്ധിമുട്ടേറിയതാണെന്നും കുറിപ്പ് അഭിപ്രായപ്പെടുന്നു.
നിലപാട് വ്യക്തമാക്കി ആരതി പൊടി
അതേസമയം, റോബിനും പരാതിക്കാരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് തന്നെയോ തന്റെ ബ്രാൻഡിനെയോ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കി ആരതി പൊടിയും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം റോബിനും ആരോപണം ഉന്നയിക്കുന്നവരും തമ്മിൽ സംസാരിച്ച് തീർക്കണമെന്നാണ് ആരതി പ്രതികരിച്ചത്. അതിനിടെ, റോബിന് പണം കൈമാറുന്നതിന് മുൻപ് ആരതിയെ വിവരമറിയിച്ചിരുന്നുവെന്നാണ് പരാതിക്കാരനായ അഭിൽ ആരോപിക്കുന്നത്. സിനിമാ രംഗത്തുള്ളവർക്ക് അടക്കം റോബിൻ ലക്ഷക്കണക്കിന് രൂപ നൽകാനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
