ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും നീളം കൂടിയതും ആദ്യമായി ടോൾ ഈടാക്കുന്നതുമായ മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. യശ്വന്ത്പൂർ (മത്തിക്കരെ ക്രോസ്) മുതൽ കെ.ആർ പുരത്തെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെയുള്ള 28 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഇടനാഴിയുടെ നിർമ്മാണത്തിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (B-SMILE) ടെൻഡറുകൾ ക്ഷണിച്ചു.
ഐ.ഐ.എസ്.സി, മേഖ്രി സർക്കിൾ, ജയമഹൽ റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്, ഉൾസൂർ തടാകം എന്നിവയിലൂടെയാണ് ഈ മേൽപ്പാലം കടന്നുപോകുന്നത്. ‘ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ’ (BOOT) മാതൃകയിലാണ് ബി-സ്മൈൽ പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ വ്യവസ്ഥകൾ പ്രകാരം നിർമ്മാണം ഏറ്റെടുക്കുന്ന കരാർ ഏജൻസിക്ക് 30 വർഷത്തേക്ക് ടോൾ പിരിക്കാൻ അനുമതിയുണ്ടായിരിക്കും. സർക്കാരിന്റെ 40 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ഉൾപ്പെടെ 3,536.89 കോടി രൂപയാണ് പദ്ധതിയുടെ കണക്കാക്കിയ ചെലവ്.
എലിവേറ്റഡ് ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഈ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് ബി-സ്മൈൽ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഉൾക്കൊള്ളാൻ റോഡ് ശൃംഖല വികസിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ എലിവേറ്റഡ് ഇടനാഴികളുടെ നിർമ്മാണം അത്യന്താപേക്ഷിതമാണെന്നും ബി-സ്മൈൽ ഡയറക്ടർ (ടെക്നിക്കൽ) ബി.എസ്. പ്രഹ്ലാദ് പറഞ്ഞു. ടോൾ നിരക്കുകൾ സർക്കാരിന്റെ വിജ്ഞാപനങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആസൂത്രണം ചെയ്ത 11 പ്രധാന പദ്ധതികളിൽ ഒന്നാണിത്. ഇതിന് പുറമെ മാരേനഹള്ളി മെയിൻ റോഡ് (രാഗിഗുഡ്ഡ ജംഗ്ഷൻ) മുതൽ കനകപുര മെയിൻ റോഡ് (തലഘട്ടപുര ജംഗ്ഷൻ) വരെയുള്ള 18.5 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു ടോൾ ഫ്ലൈഓവറിനായുള്ള ടെൻഡറുകളും ബി-സ്മൈൽ ഉടൻ പുറപ്പെടുവിക്കും. ഇ.പി.സി (എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) മാതൃകയിൽ നടപ്പിലാക്കുന്ന മറ്റ് ഒമ്പത് പദ്ധതികൾക്കുള്ള ടെൻഡറുകൾ അടുത്തിടെ ബി-സ്മൈൽ അനുവദിച്ചിരുന്നു.
