ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ ‘പിങ്ക് ലൈൻ’ ഉന്നതതല പാത സെപ്റ്റംബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യത. അടുത്ത മാസം നടക്കുന്ന നിയമപരമായ സുരക്ഷാ പരിശോധനകൾക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരികയാണ്.
കഴിഞ്ഞ ആഴ്ച നടന്ന ട്രെയിൻ പരിശോധനകൾക്ക് ശേഷം ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി.സി.ആർ.എസ്) ഉന്നയിച്ച നിരീക്ഷണങ്ങൾക്കുള്ള മറുപടി റിപ്പോർട്ട് ബി.എം.ആർ.സി.എൽ ബുധനാഴ്ച സമർപ്പിച്ചു. വിജയകരമായി പൂർത്തിയാക്കിയ ഓസിലേഷൻ, എമർജൻസി ബ്രേക്ക് ഡിസ്റ്റൻസ് പരിശോധനകൾക്ക് പിന്നാലെ ഓഗസ്റ്റ് 12-ന് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിൽനിന്ന് (ആർ.ഡി.എസ്.ഒ) ഇന്ററിം സ്പീഡ് സർട്ടിഫിക്കറ്റും മെട്രോ അധികൃതർക്ക് ലഭിച്ചിരുന്നു. റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം സർവീസുകൾ നടത്താനുള്ള അനുമതി റെയിൽവേ ബോർഡ് ഓഗസ്റ്റ് അവസാനത്തോടെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഗ്നലിംഗ് പരിശോധനകൾ പൂർത്തിയാക്കി നൽകേണ്ട ഇന്റേണൽ സേഫ്റ്റി അസസ്‌മെന്റ് സർട്ടിഫിക്കറ്റും റെയിൽവേ ബോർഡിന്റെ അനുമതിയുമാണ് ഇനി പ്രധാനമായും ലഭിക്കാനുള്ളത്. ഇതിന് ശേഷം സെപ്റ്റംബർ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആകും അന്തിമ സുരക്ഷാ പരിശോധനകൾ നടക്കുക. തുടർന്ന് ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ പാലിച്ച ശേഷം സർക്കാർ അനുമതി ലഭിക്കുന്നതോടെ സെപ്റ്റംബർ അവസാനത്തോടെ പാത തുറന്നുകൊടുക്കാനാകുമെന്നാണ് ബി.എം.ആർ.സി.എൽ കണക്കുകൂട്ടുന്നത്. ബന്നാർഘട്ട റോഡിലൂടെ കലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ദൂരമാണ് ഈ പാതയിലുള്ളത്.
അതേസമയം, വിമാനത്താവള മെട്രോ പാതയിലെ എയർപോർട്ട് ടെർമിനൽ, എയർപോർട്ട് വെസ്റ്റ് എന്നീ രണ്ട് സ്റ്റേഷനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബി.എം.ആർ.സി.എൽ മാനേജിംഗ് ഡയറക്ടർ പി.സി. ജാഫറും ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) എം.ഡി ഹരി മരാറും തമ്മിൽ സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സിഗ്നലിംഗ്, ട്രാക്ക്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ഇരുസംഘങ്ങളും ചർച്ച നടത്തി. മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ്ബിൽ സ്ഥിതി ചെയ്യുന്ന ടെർമിനൽ സ്റ്റേഷൻ ടെർമിനൽ 1, ടെർമിനൽ 2 എന്നിവയുമായി ഫൂട്ട് ഓവർബ്രിഡ്ജ് വഴി നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ സ്റ്റേഷനിൽ തന്നെ ബാഗേജ് സ്ക്രീനിംഗ്, ചെക്ക്-ഇൻ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
