ബെംഗളൂരു: സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ എന്നിവ തിരിച്ചറിഞ്ഞ് സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ‘കവച്’ (Kavach) എന്ന പുതിയ ആപ്പുമായി ബെംഗളൂരു അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘ഡിജികവച് ടെക്നോളജീസ്’. കർണാടക സി.ഐ.ഡി സ്പെഷ്യൽ യൂണിറ്റ്സ്, ഇക്കണോമിക് ഒഫൻസസ് ആൻഡ് സൈബർ കമാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രണബ് മൊഹന്തി ഐ.പി.എസ് ആപ്പ് പുറത്തിറക്കി.
സൈബർ ബോധവൽക്കരണം, ഇൻഷുറൻസ് സംരക്ഷണം, തട്ടിപ്പുകൾ തടയൽ, പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സഹായം, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനുള്ള പിന്തുണ എന്നിങ്ങനെ അഞ്ച് പ്രധാന സവിശേഷതകളാണ് ആപ്പിലുള്ളത്. ബെംഗളൂരുവിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആപ്പ് നിലവിൽ സൗജന്യമായി ലഭ്യമാണ്. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, വീട്ടമ്മമാർ തുടങ്ങി തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുള്ളവർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി മെന്റർ കെ. ശ്രീധർ വ്യക്തമാക്കി.
സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇൻസിഡന്റ് റിപ്പോർട്ട് ചെയ്യുന്നതു മുതൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കുന്നതു വരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ പിന്തുണ നൽകുമെന്ന് ഫൗണ്ടറും സി.ഇ.ഒയുമായ ഫണീന്ദ്ര കുമാർ പറഞ്ഞു.
ആപ്പിലെത്തി സംശയാസ്പദമായ നമ്പറോ സന്ദേശമോ ലിങ്കോ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് അതിന്റെ നിജസ്ഥിതി പരിശോധിക്കാൻ നിലവിൽ സാധിക്കും. വരും മാസങ്ങളിൽ ഇത് സ്വയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ തുടക്കം കുറിച്ച ഈ സേവനം വൈകാതെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]