സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

ബെംഗളൂരു: ബന്നാർഘട്ട റോഡിൽ ഐ.ഐ.എം-ബെംഗളൂരുവിന് സമീപം മെട്രോ പില്ലർ നമ്പർ 129-ഓട് ചേർന്ന് റോഡ് തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (ബി.എസ്.സി.സി). റോഡ് ടാർ ചെയ്തതിലെ ഗുണനിലവാരമില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ബി.എസ്.സി.സി നിഷേധിച്ചു. വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡിന്റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) മലിനജല പൈപ്പ് ലൈനിലുണ്ടായ കേടുപാടുകളാണ് റോഡ് ഇടിയാൻ ഇടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

കോർപ്പറേഷനെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ കെ.വി. രവി പറഞ്ഞു. ബിലെകഹള്ളി വാർഡിലെ ഐ.ഐ.എം.ബിക്ക് സമീപമുള്ള റോഡ് അടുത്തിടെ ടാർ ചെയ്തിരുന്നതാണെന്നും പെട്ടെന്നുണ്ടായ കൂറ്റൻ ഗർത്തം നിർമ്മാണത്തിലെ മോശം ഗുണനിലവാരമാണ് പുറത്തുകൊണ്ടുവന്നതെന്നും ആന്റണി കുമാർ എന്നയാൾ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

ബുധനാഴ്ച രാത്രി റോഡ് തകർന്നതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പരിശോധനയിൽ റോഡിനടിയിലെ മാൻഹോൾ തകർന്ന് മലിനജല പൈപ്പ് ലൈൻ പൊട്ടിയതായി കണ്ടെത്തി. പൈപ്പിൽ നിന്നുള്ള ചോർച്ച കാരണം മണ്ണൊലിപ്പുണ്ടാവുകയും തുടർന്ന് റോഡ് ഇടിയുകയുമായിരുന്നുവെന്ന് കെ.വി. രവി വിശദീകരിച്ചു.

വിവരമറിഞ്ഞയുടൻ കോർപ്പറേഷൻ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുകയും വാഹനമോടിക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ റോഡ് പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. ഈ പ്രദേശത്ത് കോർപ്പറേഷൻ അടുത്തിടെ ടാറിംഗ് ജോലികളൊന്നും നടത്തിയിട്ടില്ലെന്നും അതിനാൽ കരാറുകാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts