അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മെസ്സേജ്; പിന്നാലെ വ്യാജമാണെന്ന് കണ്ടെത്തി 

ബെംഗളൂരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ മെസ്സേജ് ലഭിച്ചതായി പരാതി.

ബാങ്കില്‍ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തില്‍ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നുക.

എന്നാല്‍ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്‌എസ് ഒന്ന് സൂക്ഷിച്ച്‌ വായിച്ച്‌ നോക്കുന്നത്.

തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച്‌ നോക്കിയപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു.

ഇത്തരത്തിൽ ഉള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നഗരത്തിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി.

ജോലി സംബന്ധമായ ഒരു കോളില്‍ ആയിരുന്നപ്പോഴാണ് അതിഥിക്ക് ഒരു ഫോണ്‍ വന്നത്.

എടുത്ത് നോക്കിയപ്പോള്‍ അല്‍പം പ്രായം തോന്നിക്കുന്ന ഒരു വ്യക്തി.

അതിഥിയുടെ അച്ഛനെ അറിയുന്ന ആളാണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് കുറച്ച്‌ പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നെന്നും അറിയിച്ചു.

എന്നാല്‍ അക്കൗണ്ടില്‍ ചില പ്രശ്നങ്ങളുള്ളത് കാരണം അതിഥിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാമെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഫോണ്‍ വെച്ച്‌ മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ എസ്.എം.എസ് സന്ദേശം എത്തി.

ഒറ്റനോട്ടത്തില്‍ ബാങ്കില്‍ നിന്ന് വരുന്ന എസ്.എം.എസ് പോലെ തന്നെ.

അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് തന്നെയെന്ന് അതിഥി വിചാരിച്ചു.

അല്‍പം കഴി‌ഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ കോള്‍ വന്നു.

താൻ 3000 രൂപയാണ് ഇടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അബദ്ധത്തില്‍ 30,000 രൂപ അയച്ചുപോയി എന്നായിരുന്നു അപ്പോഴത്തെ വാദം.

അധികമുള്ള തുക തിരികെ തരാമോ എന്നും ചോദിച്ചു.

എന്നാല്‍ എന്തോ പന്തികേട് തോന്നിയ യുവതി എസ്.എം.എസ് ഒരിക്കല്‍ കൂടി എടുത്തു നോക്കിയപ്പോള്‍ അതില്‍ ചില വ്യത്യാസങ്ങളുണ്ടെന്ന് മനസിലായി.

അപ്പോഴാണ് ഒരു തട്ടിപ്പില്‍ നിന്ന് താൻ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു എന്ന് അവർക്ക് മനസിലായത്.

ബാങ്കില്‍ നിന്ന് കിട്ടുന്ന എസ്.എം.എസ് പോലെ തന്നെ തോന്നുമായിരുന്നെങ്കിലും സൂക്ഷിച്ച്‌ നോക്കിയാല്‍ ചില വ്യത്യാസങ്ങള്‍ കാണാനാവും.

ഇതിന് പുറമെ ഒരു സാധാരണ മൊബൈല്‍ നമ്പറില്‍ നിന്നാണ് ഈ സന്ദേശം വന്നത് എന്നതും സംശയം വർദ്ധിപ്പിച്ചു.

ആശുപത്രി കേസായത് കൊണ്ട് പണം അത്യാവശ്യമാണെന്നും ഇപ്പോള്‍ തന്നെ അയക്കണമെന്നും ശഠിച്ച തട്ടിപ്പുകാരൻ ഇതിനായി യുപിഐ ഐഡി അയച്ചുനല്‍കാമെന്നും പറ‌ഞ്ഞു.

സംഗതി മനസിലാക്കി തിരികെ വിളിച്ചപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു.

ഓണ്‍ലൈൻ തട്ടിപ്പിന്റെ പുതിയ മുഖമാണിതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഇപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us