ബെംഗളൂരു: ഓട്ടിസം ബാധിച്ച 15 കാരന് യാത്ര നിഷേധിച്ച് വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ്. ബെംഗളൂരു എയർപോട്ടിൽ വെച്ചാണ് സംഭവം.
കുട്ടി പൈലറ്റിനും മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ തടഞ്ഞത്.
മാലിദ്വീപിലേക്ക് യാത്ര ചെയ്യാനായി കുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ബെംഗളൂരു എയർപോർട്ടിൽ എത്തി. ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 174 വിമാനത്തിലാണ് ടിക്കറ്റെടുത്തത്. പുലർച്ചെ 12.30-ന് ചെക്ക് ഇൻ നടപടികളിലേക്ക് കടക്കവേയാണ് ശ്രീലങ്കൻ എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫുകൾ ഇടപെട്ടത്.
മകനെ കുറിച്ച് ചോദിച്ചതിന് ശേഷം കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പൈലറ്റിനും മാറ്റ് യാത്രക്കാർക്കും കുട്ടി ഭീഷണിയാണെന്നും എയർലൈൻസ് ജീവനക്കാർ പറയുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അവരുടെ വാക്കുകൾ കേട്ടപ്പോൾ മകൻ ഭയന്നെന്നും അമ്മ പറയുന്നു. കുട്ടിയുടെ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജീവനക്കാർക്ക് കൈമാറിയെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാമെന്ന് കാണിച്ച് കൊണ്ട് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.
ഓട്ടിസം എന്നത് ഒരു രോഗമല്ലെന്നും അതുകൊണ്ട് തന്നെ മകന് ഒരു ഡോക്ടറുടേയും ചികിത്സ ആവശ്യമില്ലെന്നും ഞാൻ അവരോട് വിശദീകരിച്ചു. മാത്രമല്ല തന്റെ മകൻ നിരവധി തവണ വിമാന യാത്ര ചെയ്തവരെ അറിയിച്ചു. അവന്റെ അവസാന യാത്ര ദുബായിലേക്കായിരുന്നു. ഒരിക്കൽ പോലും തന്റെ മകന് ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല’, സൈക്കോളജിസ്റ്റ് കൂടിയായ കുട്ടിയുടെ അമ്മ പറഞ്ഞു.
കുട്ടിയുടെ അവസ്ഥയുടെ പേരിൽ ബോർഡിംഗ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ പ്രശ്നം ഉണ്ടാക്കിയാൽ കുടുംബത്തെ ഒന്നാകെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയായിരുന്നു അവർ ഉയർത്തിയതെന്നും അമ്മ പറഞ്ഞു.
അതേസമയം പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു എയർപോർട്ട് ഇടപെട്ടു. ഓട്ടിസം കുഞ്ഞുമായി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പ് തന്നെ മാതാപിതാക്കൾ എയർപോർട്ട് അധികൃതരെ അറിയിച്ച വിവരം എയർലൈൻസിനെ അറിയിച്ചിരുന്നു. ഇതോടെ കുട്ടിയുടെ ഐഡിയുമായി പോയ ഗ്രൗണ്ട് സ്റ്റാഫുകൾ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷം യാത്ര ചെയ്യാൻ അനുമതി നൽകിയതായി അമ്മ പറഞ്ഞു. ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ശ്രീലങ്കൻ എയർലൈൻസിന് പരാതി നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.