മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം 

ബെംഗളൂരു :മൈസൂരുവില്‍ മലയാളി യുവാവിനെ കെട്ടിട നിര്‍മാണത്തിനെടുത്ത കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.

ഹെബ്ബാള്‍ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റേഴ്സ് ഉടമ മൈസൂരു വിജയനഗര്‍ സെക്കൻഡ് സ്റ്റേജില്‍ താമസിക്കുന്ന തൃശൂര്‍ പട്ടിക്കാട് കൈപ്പനാല്‍ കെ.എം. ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാനാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ക്രിസ്റ്റോ. ഞായറാഴ്ച രാവിലെ വിജയനഗര്‍ ലേണേഴ്സ് കോളജിന് സമീപത്ത് അപ്പാര്‍ട്മെന്റ് നിര്‍മാണത്തിനായി പൈലിങ് നടത്തിയ കുഴിയില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയനഗര്‍ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജെ.എസ്.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കഴിഞ്ഞ ദിവസം സംസ്കരിച്ചു.

വര്‍ഷങ്ങളായി കുടുംബസമേതം വിജയനഗറില്‍ താമസിക്കുകയാണ് ക്രിസ്റ്റോയുടെ കുടുംബം. പിതാവിന്റെ വ്യവസായ സ്ഥാപനത്തിലായിരുന്നു ജോലി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റോയുടെ ഭാര്യാപിതാവ് തമിഴ്നാട് നീലഗിരി അമ്പലമൂല കണ്ണമ്പറത്ത് കെ.കെ. അബ്രഹാം മൈസൂരു സിറ്റി പോലീസ് കമീഷണര്‍ക്ക് തിങ്കളാഴ്ച പരാതി നല്‍കിയിട്ടുണ്ട്.

നാലടി മാത്രം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനാല്‍ തന്നെ കുഴിയില്‍ വീണാണ് മരണമെന്നത് അവിശ്വസനീയമാണ്. തലക്കുപിറകില്‍ രക്തം വന്ന രൂപത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നു.

സന്തോഷത്തോടെ ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞുവന്നിരുന്ന ക്രിസ്റ്റോക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. ആരില്‍നിന്നും ഭീഷണിയും ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ട്. മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us