ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുനർ പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശം.
നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനര്‍വിചിന്തനത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇടപെടല്‍.
സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ പോക്സോ നിയമപ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 16നും 18നും ഇടയിലുള്ള പെണ്‍കുട്ടികള്‍ പ്രണയത്തിലാവുകയും ഒളിച്ചോടുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ച് നിയമ കമീഷന്‍ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനര്‍നിശ്ചയിക്കണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. മറ്റ് കുറ്റകൃത്യങ്ങള്‍ ഇല്ലെങ്കില്‍ പതിനാറോ അതിന് മുകളിലോ ഉള്ള പെണ്‍കുട്ടിയുടെ സമ്മതം പരിഗണിക്കേണ്ടതുണ്ട് -ജസ്റ്റിസ് സുരാജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി. ബസവരാജ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ 17കാരി പിന്നീട് രണ്ട് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു. കേസിന്‍റെ വിചാരണക്കിടെ എല്ലാ പ്രോസിക്യൂഷന്‍ സാക്ഷികളും കൂറുമാറുകയും ചെയ്തു. തുടര്‍ന്ന് വിചാരണ കോടതി പ്രതിയായ യുവാവിനെ കുറ്റമുക്തനാക്കുകയായിരുന്നു. ഈ വിധി ഹൈകോടതി ശരിവെച്ചു.
പോക്സോ നിയമത്തെ കുറിച്ച് ഒമ്പതാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.