പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ് ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് .
തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും സഹോദരി അകന്നുനില്ക്കുന്നു .വിസിലടിയിലൂടെയാണ് സിബൽ വീട്ടുകാരുമായി സംസാരിക്കുക .
ഗ്രാമീണ പാരമ്പര്യവുമായി ബന്ധപ്പെട്ട വിസിലടി ഭാഷ നാട്ടുകാരിൽ ചിലർക്കും മനസിലാവും .നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്ന ചെന്നായയെ കൊന്നാൽ തനിക്ക് അംഗീകാരം കിട്ടുമെന്ന് കരുതുന്ന അവൾ സദാ തോക്കും കൊണ്ടാണ് യാത്ര .കാടിനോട് ചേർന്നുകിടക്കുന്ന തോട്ടത്തിൽ അവൾക്കൊരു കാവൽപുരയുണ്ട് .ഒരു ദിവസം കാടനക്കിയത് ചെന്നായയാണെന്ന് കരുതി തോക്കുചൂണ്ടിയപ്പോൾ അവളുടെ മേൽ ചാടിവീണത് ഒരാളായിരുന്നു .അയാൾ അവളുടെ ജീവിതത്തിന്റെ ഗതിമാറ്റിയെങ്കിലും കഥ തീരുന്നില്ല .
നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുകയും പുതിയ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു .പ്രശസ്ത നടി ഡാമിയ സോൺമെസ് ആണ് സിബലിനെ അഭിനയമികവുകൊണ്ട് അവിസ്മരണീയമാക്കിയിട്ടുള്ളത് .ഒന്നാന്തരം തിരക്കഥ ,അതിസൂക്ഷ്മതലങ്ങൾ ശ്രദ്ധിക്കുന്ന സംവിധാനം ,ശബ്ദവിന്യാസം .ഇതൊക്കെയും നായികാകഥാപാത്രത്തിന്റെ സവിശേഷതയും അഭിനയമികവും ചേരുമ്പോൾ സിബൽ മേളയിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.