ബെംഗളൂരു :പ്രധാന ബസ് സ്റ്റേഷനും,സിറ്റി ബസ് സ്റ്റേഷനും മെട്രോ സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും അടുത്തടുത്ത് സ്ഥിതിചെയ്തിട്ടും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരുടെ കാര്യം വളരെ കഷ്ട്ടത്തിലായിരുന്നു ഇതുവരെ,ഇതില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പോകാന്‍ മുകളില്‍ പ്രധാന റോഡുകളില്‍ കൂടെ പോകുകയേ വഴിയുണ്ടായിരുന്നുള്ളൂ,സമയ നഷ്ടം വേറെയും ഇനി വളഞ്ഞു ചുറ്റേണ്ടതില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളായ മെട്രോ, ബിഎംടിസി, കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന നടപ്പാതയും, മെട്രോ സ്റ്റേഷനിൽ നിന്നു ചിക്കലാൽബാഗ്, ഗോപാൽപുര ഭാഗങ്ങളിലേക്കുള്ള അടിപ്പാതകളും യാത്രക്കാർക്കായി തുറന്നു.
ദിവസേന അഞ്ചു ലക്ഷത്തോളം പേരെത്തുന്ന മജസ്റ്റിക്കിലെ കാൽനടയാത്ര സുഗമമാക്കുന്ന നടപ്പാതയും രണ്ട് അടിപ്പാതകളും ബെംഗളൂരു വികസനമന്ത്രി കെ.ജെ.ജോർജ് ഉദ്ഘാടനം ചെയ്തു. 13.5 കോടി രൂപ ചെലവിലാണു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) പാതകളുടെ നിർമാണം പൂർത്തിയാക്കിയത്. ട്രെയിൻ, കെഎസ്ആർടിസി, ബിഎംടിസി, മെട്രോ എന്നിങ്ങനെ നാലു യാത്രാമാർഗങ്ങളെയും ബന്ധിപ്പിക്കുന്ന നടപ്പാതകൾ മജസ്റ്റിക്കിൽ നിന്നു മറ്റിടങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.
2016ൽ തുറന്ന മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ മറ്റു സ്റ്റേഷനുകളിലേക്കു നേരിട്ടു നടപ്പാതകൾ ഇല്ലാതിരുന്നതു യാത്രക്കാരെ വലച്ചിരുന്നു. തിരക്കേറിയ റോഡിലൂടെ വളരെ സമയമെടുത്താണ് ഇവർ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നത്. ഇവിടെ റെയിൽവേ സ്റ്റേഷനെയും ബിഎംടിസി – കെഎസ്ആർടിസി സ്റ്റാൻഡുകളെയും ബന്ധിപ്പിച്ച് അടിപ്പാത ഉള്ളതിനാൽ മെട്രോ സ്റ്റേഷൻ മാത്രം ഒറ്റപ്പെട്ടു.
കഴിഞ്ഞ ജൂണിൽ ഒന്നാംഘട്ടത്തിലെ 42.3 കിലോമീറ്ററിൽ പൂർണതോതിൽ മെട്രോ സർവീസ് തുടങ്ങിയതോടെ നമ്മ മെട്രോയുടെ രണ്ടുപാതകളും സന്ധിക്കുന്ന മജസ്റ്റിക്കിലെ തിരക്കു രൂക്ഷമായി. ഇതോടെയാണു നിലവിലെ അടിപ്പാതയുമായി ബന്ധിപ്പിച്ചു മെട്രോ സ്റ്റേഷനിൽ നിന്നു 175 മീറ്റർ നീളത്തിൽ നടപ്പാത നിർമിച്ചത്. റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ചിക്കലാൽബാഗ്, ഗോപാൽപുര ഭാഗങ്ങളിലേക്ക് അടിപ്പാതകളും നിർമിച്ചു.
പുതിയ പാത തുറന്നെങ്കിലും റെയിൽവേ സ്റ്റേഷനെയും ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പഴയ അടിപ്പാതയിൽ സാമൂഹിക വിരുദ്ധശല്യം വ്യാപകമാണ്. ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) കീഴിലുള്ള അടിപ്പാത വേണ്ടത്ര നന്നായി പരിപാലിക്കുന്നില്ലെന്ന പരാതിയും വ്യാപകം. ഇവിടെ ആവശ്യത്തിനു വെളിച്ചവും വായുസഞ്ചാരവും ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു.
സിസി ക്യാമറകൾ സ്ഥാപിച്ചും സെക്യൂരിറ്റിയെ നിയോഗിച്ചും സുരക്ഷ ശക്തമാക്കും. അടിപ്പാതയുടെ പരിപാലനം കാര്യക്ഷമമാക്കാൻ ഇതു ബിഎംആർസിഎല്ലിനു കൈമാറാനാകുമോ എന്നതിനെക്കുറിച്ചു ബിബിഎംപിയുമായി ചർച്ച നടത്തും. ഇവിടെ ഭൂഗർഭ മെട്രോപാതയുടെ നിർമാണത്തിനിടെ നശിപ്പിക്കപ്പെട്ട ചിക്ക ലാൽബാഗ് പാർക്കിന്റെ ഒരു ഭാഗം മൂന്നു കോടി രൂപ ചെലവിൽ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.