ബെംഗളൂരു: ബെംഗളൂരു മഡിവാല അണ്ടർപാസിന് സമീപം മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവിനെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. മംഗമ്മനപാളയ സ്വദേശിയായ സുഹേൽ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ പ്രധാന റോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ക്രൂരമായ ആക്രമണം.
കഴിഞ്ഞ ജനുവരി 13-ന് ബന്ദേപാളയയിൽ നടന്ന ഷബ്ബീർ വധക്കേസിലെ പ്രതികളായ ഖാലിം, നസീർ എന്നിവരുടെ സഹോദരനാണ് കൊല്ലപ്പെട്ട സുഹേൽ. പൂർവ്വവൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുഹേലിന് ക്രിമിനൽ പശ്ചാത്തലമോ ഷബ്ബീർ വധക്കേസുമായി യാതൊരു ബന്ധമോ ഉണ്ടായിരുന്നില്ല. സഹോദരങ്ങളോടുള്ള വിദ്വേഷമാണ് നിരപരാധിയായ സുഹേലിന്റെ ജീവനെടുത്തത്.
രാത്രിയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ മഡിവാലയിൽ നിന്ന് കോറമംഗലയിലേക്ക് പോകുകയായിരുന്നു സുഹേൽ. ഗതാഗതക്കുരുക്കിൽപ്പെട്ട് ബൈക്ക് നിർത്തിയ സമയം, രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം തൽവാറുകൾ (വാളുകൾ) ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ സുഹേൽ രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ ആയുധങ്ങൾ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതികൾ സുഹേലിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കൃത്യമായ പ്ലാൻ തയ്യാറാക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ സുഹേലിന്റെ സഹോദരൻ നസീർ, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിപി സുജിത, സിസിബി ഡിസിപി ഹരിബാബു, ജോയിന്റ് പോലീസ് കമ്മീഷണർ രമേശ് ബനാത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പ്രതികളെ പിടികൂടാനായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡി.വി.ആറും പോലീസ് കസ്റ്റഡിയിലെടുത്തു. ബൊമ്മനഹള്ളിയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന സുഹേൽ സംഭവസമയത്ത് മഡിവാലയിൽ എത്തിയതും, ഇറങ്ങുന്നതിന് മുൻപ് അവസാനമായി ഫോണിൽ വിളിച്ചതാരാണെന്നും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
