ബെംഗളൂരു: ഡീസൽ വിലവർദ്ധനവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുഗതാഗത കോർപ്പറേഷനുകളിൽ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും. നിരക്ക് പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ഭൈരതി സുരേഷ് അറിയിച്ചു. സമിതി സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഡീസൽ വിലവർദ്ധനവ് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും ഭാരവാഹികൾ സർക്കാരിനെ സമീപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി 33 ശതമാനവും ബി.എം.ടി.സി 44 ശതമാനവും നിരക്കുവർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധനവില വർദ്ധിച്ചതോടെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ കോർപ്പറേഷനുകൾക്ക് പ്രതിമാസം 40 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇത് തുടർന്നാൽ പ്രതിവർഷം 480 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇതിനകം ആറുതവണ ഡീസൽ വില വർദ്ധിച്ചുവെന്നും, ആഴ്ചയിൽ 7 മുതൽ 8 കോടി രൂപ വരെയാണ് കോർപ്പറേഷനുകൾക്ക് ഉണ്ടാകുന്ന നഷ്ടമെന്നും മന്ത്രി വ്യക്തമാക്കി. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരിയുടെ നേതൃത്വത്തിലാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ദ്വാരകാനാഥ് ബാബു, വിരമിച്ച സർക്കാർ സെക്രട്ടറി ഡോ. അബ്ദുൾ പിഞ്ചാരി, ഐ.ഐ.എസ്.സി പ്രതിനിധി എന്നിവരടങ്ങുന്ന സംഘം നാല് കോർപ്പറേഷനുകളിലും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു.
കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി നിരക്കുവർദ്ധനവിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിരക്കുവർദ്ധന നീക്കത്തിനെതിരെ യാത്രക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ വർഷവും ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നതിനാൽ വീണ്ടുമൊരു വർദ്ധനവ് താങ്ങാനാകില്ലെന്നാണ് സാധാരണക്കാരായ യാത്രക്കാരുടെ നിലപാട്.
