ഡൽഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതായി സംശയിക്കുന്നയാളുടേത് അടക്കമുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് തൊട്ടുമുമ്പായിട്ടുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ടിരുന്നു.
കാര്‍ വൈകിട്ട് 3:19-ന് പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6:48-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് കാര്‍ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാപാത അന്വേഷണത്തിലാണെന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പറയുന്നു.
ജമ്മു-കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ടുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് സ്ഫോടനമെന്നതിനാൽ ഭീകരസംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരിൽനിന്ന് 2900 കിലോ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 360 കിലോഗ്രാം ആർഡിഎക്സാണ്. ജെയ്ഷെ മുഹമ്മദ്, അൻസാർഘസ് വാത്ഉൾഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രി അമിത്‌ഷാ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ചെങ്കോട്ടയും ഡൽഹിയിലെ ജമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകുന്നേരങ്ങളിലായതിനാൽ ഈ സമയംനോക്കി ആസൂത്രിതമായിനടത്തിയ സ്ഫോടനമാണെന്നാണ് പോലീസ് നിഗമനം. കാറിനകത്ത് എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനശബ്ദം 30 സെക്കൻഡോളം നീണ്ടു. തീയണയ്ക്കാൻ അരമണിക്കൂറിലേറെ വേണ്ടിവന്നതായി ഫയർഫോഴ്‌സ് വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഡൽഹി നഗരത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചു. സ്ഫോടനമുണ്ടായ ഉടൻ പോലീസും 24-ഓളം അഗ്നിരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഭീകരവാദവിരുദ്ധ സ്ക്വാഡും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കാറുകൾ കത്തിയമരുന്ന വീഡിയോദൃശ്യങ്ങളിൽ സംഭവത്തിന്റെ ഭീകരത പ്രകടമാണ്.
സംഭവം നടന്നതിന് നൂറുമീറ്റർ താഴെയായാണ് ഗൗരിശങ്കർ ക്ഷേത്രം. അതിന് സമീപത്തുതന്നെയാണ് സിഖുകാരുടെ ഗുരുദ്വാരയും പുരാതനമായ ചാന്ദ്‌നിചൗക്ക് ബസാറും സ്ഥിതിചെയ്യുന്നത്. സംഭവംനടന്ന മെട്രോ സ്റ്റേഷൻ ഒന്നാം ഗേറ്റിനു തൊട്ടടുത്തായുള്ള ചെങ്കോട്ടമൈതാനത്ത് സിഖുകാരുടെ വൻ പ്രദർശനമേളയ്ക്കായി പന്തലൊരുക്കൽ പണിയും നടന്നുവരുന്നു.
പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 കാര്‍ മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇയാള്‍ തിങ്കളാഴ്ച രാത്രി അറസ്റ്റിലായിട്ടുണ്ട്. അതേസമയം ഈ കാര്‍ മുഹമ്മദ് സല്‍മാന്‍ വിറ്റതിനുശേഷം പലതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ആദ്യം നദീം എന്നയാള്‍ക്കും തുടര്‍ന്ന് ഫരീദാബാദ് സെക്ടര്‍ 37-ലെ റോയല്‍ കാര്‍ സോണ്‍ എന്ന യൂസ്ഡ് കാര്‍ ഡീലര്‍ക്കും വിറ്റു.
എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, നല്‍കിയിരുന്ന എല്ലാ മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ ഫരീദാബാദില്‍നിന്ന് 2900 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിയിലായതുമായി ബന്ധപ്പെട്ട് ചെങ്കോട്ട സ്‌ഫോടനത്തിന് ബന്ധമുള്ളതായുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. കാര്‍ കൈമാറ്റത്തില്‍നിന്ന് അത്തരത്തിലുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]