സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ പ്രവേശന രീതികൾ വിലയിരുത്തുമ്പോൾ ഈ വർഷം വിദ്യാർത്ഥികൾക്കിടയിൽ ബി.സി.എ, ബി.ബി.എ കോഴ്സുകൾക്ക് വൻ ഡിമാൻഡ്. വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന താല്പര്യം കണക്കിലെടുത്ത് 26 സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിൽ പുതുതായി ബി.ബി.എ, ബി.സി.എ പ്രോഗ്രാമുകൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് തീരുമാനിച്ചു.

പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി തേടിയ കോളേജുകളിൽ ഭൂരിഭാഗവും ധാർവാഡ്, കലബുറഗി മേഖലകളിൽ നിന്നുള്ളവയാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ച ശേഷമേ ഈ കോഴ്സുകൾ ഔദ്യോഗികമായി ആരംഭിക്കൂ എന്ന് വകുപ്പ് വ്യക്തമാക്കി.

ഇതിന് പുറമെ ബി.സി.എ, ബി.ബി.എ ഉൾപ്പെടെയുള്ള ബി.എ, ബി.കോം, ബി.എസ്സി കോഴ്സുകളിലായി മറ്റ് 186 കോളേജുകളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, റായ്ച്ചൂരിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ ആകെ സീറ്റുകളുടെ എണ്ണം 300 ആയി ഉയർത്തുന്നതിനായി 270 സീറ്റുകൾ അധികമായി അനുവദിക്കും. ബെല്ലാരിയിലെ എസ്.എസ്.എ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ ബി.കോം സീറ്റുകൾ നൂറെണ്ണം വർദ്ധിപ്പിച്ചു. ജാംഖണ്ഡി കോളേജിൽ ചരിത്രം, പൊളിറ്റിക്കൽ സയൻസ് എന്നീ രണ്ട് ബി.എ പ്രോഗ്രാമുകളിലായി നൂറ് സീറ്റുകൾ വീതം കൂട്ടിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഈവനിംഗ് ഷിഫ്റ്റുകൾ നടത്താൻ പല കോളേജുകളും സമ്മതിച്ചിട്ടുണ്ട്. കെട്ടിടം, ഫർണിച്ചർ, കമ്പ്യൂട്ടർ സൗകര്യങ്ങൾ എന്നിവ കുറവുള്ള ചില കോളേജുകളിൽ ആവശ്യാനുസരണം രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ നടത്താൻ പ്രിൻസിപ്പൽമാർ തയ്യാറാണെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിപണിയിൽ ഏറെ ഡിമാൻഡുള്ള ഇത്തരം പുതിയ കോഴ്സുകൾ ചുരുങ്ങിയ ചെലവിൽ സർക്കാർ കോളേജുകളിൽ പഠിക്കാൻ സാധിക്കുന്നത് അവരുടെ ഭാവിക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മൊത്തം പ്രവേശന അനുപാതം (ജി.ഇ.ആർ) വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വ്യവസായ മേഖലയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത ഈ കോഴ്സുകളിൽ അപ്രന്റീസ്ഷിപ്പ് അധിഷ്ഠിത ലേണിംഗ് പ്രോഗ്രാമുകളും ഉൾപ്പെടും.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

അതേസമയം, വരും അധ്യയന വർഷത്തിൽ (2026-27) സംസ്ഥാനത്തെ വിവിധ കോളേജുകളിലായി ആവശ്യത്തിന് വിദ്യാർത്ഥികളില്ലാത്ത 458 പ്രോഗ്രാമുകൾ നിർത്തലാക്കാനും 1,480 കോളേജുകളിൽ സീറ്റുകൾ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 1,091 ബിരുദ കോഴ്സുകളിലും 170 ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഒരൊറ്റ വിദ്യാർത്ഥി പോലും പ്രവേശനം നേടിയിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം കോഴ്സുകൾ നിർത്തലാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ വ്യക്തമാക്കി. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, കന്നഡ, സോഷ്യോളജി തുടങ്ങിയ മൂന്ന് വിഷയങ്ങൾ കോമ്പിനേഷനായി വരുന്ന പ്രോഗ്രാമുകളാണ് പ്രധാനമായും നിർത്തലാക്കുന്നത്. വിവിധ കോഴ്സുകളിൽ 20 മുതൽ 100 വരെ സീറ്റുകളാണ് കുറയ്ക്കുക. വിദ്യാർത്ഥികളില്ലാത്ത കോഴ്സുകളിലെ സീറ്റുകൾ കുറയ്ക്കാതിരുന്നാൽ എ.ഐ.സി.ടി.ഇക്ക് അനാവശ്യമായി അഫിലിയേഷൻ ഫീസ് നൽകേണ്ടി വരുന്നത് സർവകലാശാലകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കൂടാതെ ഇത് കോളേജുകളുടെ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജിനെയും (സി.ജി.പി.എ) അതുവഴി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഗ്രേഡിംഗിനെയും ദോഷകരമായി ബാധിക്കുമെന്നും കോളേജ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts