ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ബെംഗളൂരു : ബംഗളൂരുവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭൂഗർഭ ടണൽ റോഡ് പദ്ധതിക്കായി അദാനി എന്റർപ്രൈസസ് സമർപ്പിച്ച ടെൻഡർ തുക, പദ്ധതിക്കായി ആദ്യം കണക്കാക്കിയ തുകയേക്കാൾ 96 ശതമാനത്തോളം ഉയർന്നതാണെന്ന് ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. പരിഷ്കരിച്ച കണക്കുകളേക്കാൾ 25 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പ് അധികമായി ആവശ്യപ്പെട്ടതെന്ന പൊതുധാരണ നിലനിൽക്കെയാണ്, യഥാർത്ഥ അടിസ്ഥാന തുകയേക്കാൾ (Original Benchmark) 95.77% വരെ ഉയർന്ന തുകയാണ് കമ്പനിയുമായി ചർച്ച ചെയ്ത് ഉറപ്പിച്ചിരിക്കുന്നത് എന്ന വിവരങ്ങൾ പുറത്തുവരുന്നത്.

കമ്പനിയുടെ ‘കൺസെഷൻ വാല്യൂ’ (തുക തിരിച്ചുപിടിക്കാനുള്ള പരിധി) ഉയരുന്നതോടെ, നഗരവാസികൾ 40 വർഷം വരെ നീണ്ടേക്കാവുന്ന വലിയൊരു കാലയളവിലേക്ക് ടോൾ നൽകേണ്ടി വരും. കൂടാതെ, ഈ കാലയളവിൽ അഞ്ച് പ്രമുഖ സ്ഥലങ്ങളിലെ വിലപിടിപ്പുള്ള ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിച്ച് നിക്ഷേപം തിരിച്ചുപിടിക്കാനും കമ്പനിക്ക് അനുമതി ലഭിക്കും. എന്നാൽ, നിലവിലെ വിപണി നിരക്കും പുതുക്കിയ നിർമ്മാണച്ചെലവും കണക്കിലെടുക്കുമ്പോൾ ഈ അധിക തുക 35 മുതൽ 40 ശതമാനം വരെ മാത്രമായി കുറയുമെന്നാണ് സർക്കാരിന്റെ വാദം.

ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ബംഗളൂരു വികസന മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത 16.75 കിലോമീറ്റർ നീളമുള്ള ഹെബ്ബാൾ – സെൻട്രൽ സിൽക്ക് ബോർഡ് നോർത്ത്-സൗത്ത് ടണൽ പാതയാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. 17,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ബി.ഓ.ഓ.ടി (Build-Own-Operate-Transfer) മാതൃകയിലാണ് രണ്ട് പാക്കേജുകളായി നടപ്പിലാക്കുന്നത്. കരാർ പ്രകാരം പദ്ധതിയുടെ ആകെ ചെലവിന്റെ 40 ശതമാനം തുക ‘വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്’ (VGF) ആയി സർക്കാർ നൽകും. ബാക്കി തുക സ്വകാര്യ പങ്കാളിയായ കമ്പനിയാണ് കണ്ടെത്തേണ്ടത്. കഴിഞ്ഞ ഡിസംബറിൽ ടെൻഡർ തുറന്നപ്പോൾ രണ്ട് പാക്കേജുകൾക്കും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് അദാനി എന്റർപ്രൈസസ് ആയിരുന്നു. ആദ്യ പാക്കേജിന് 10,867.50 കോടി രൂപയും രണ്ടാമത്തെ പാക്കേജിന് 11,400.40 കോടി രൂപയുമാണ് കമ്പനി ആവശ്യപ്പെട്ടത്. ഇത് ആദ്യത്തെ ഔദ്യോഗിക കണക്കുകളേക്കാൾ യഥാക്രമം 98.16%, 74.33% വീതം ഉയർന്നതായിരുന്നു. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ അദാനി ഗ്രൂപ്പ് തുകയിൽ മൊത്തം 267.40 കോടി രൂപയുടെ കുറവ് വരുത്താൻ സമ്മതിച്ചു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

നിർമ്മാണച്ചെലവ്, സാമ്പത്തിക ബാധ്യതകൾ, ടോൾ വരുമാനത്തിൽ നിന്നുള്ള ലാഭം എന്നിവയടക്കം ഉൾപ്പെടുന്ന ‘ടോട്ടൽ കൺസെഷൻ വാല്യൂ’ 22,000 കോടി രൂപയോളമാണ് വരുന്നത്. ടെൻഡർ തുക ഉയർന്നതാണെങ്കിലും സർക്കാരിന്റെ സാമ്പത്തിക ബാധ്യതയിൽ മാറ്റമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. രണ്ട് പാക്കേജുകൾക്കുമായി സർക്കാർ നൽകേണ്ട 7,079 കോടി രൂപയുടെ വി.ജി.എഫ് ഫണ്ട് നിശ്ചിത ശതമാനമായി തുടരുന്നതിനാൽ അതോറിറ്റിക്ക് അധിക ബാധ്യത വരില്ലെന്നാണ് ഇവരുടെ വാദം. കമ്പനി അമിത ലാഭം കൊയ്യുന്നത് തടയാൻ കരാറിൽ വ്യവസ്ഥകളുണ്ട്. ടോൾ വരുമാനത്തിലൂടെ കമ്പനി ലക്ഷ്യമിട്ട തുക ഈടാക്കിക്കഴിഞ്ഞാൽ കരാർ കാലാവധി അവസാനിക്കും. പ്രതീക്ഷിച്ചതിലും കുറവാണ് വാഹന ഗതാഗതമെങ്കിൽ കാലാവധി പരമാവധി 10 വർഷം വരെ നീട്ടിനൽകാം. ആഗോളതലത്തിൽ നിർമ്മാണച്ചെലവ് ഉയരുന്നതും കറൻസി മൂല്യങ്ങളിലെ വ്യതിയാനവും കണക്കിലെടുത്ത് പദ്ധതിക്കായി വീണ്ടും ടെൻഡർ വിളിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് താല്പര്യമില്ല. വീണ്ടും ടെൻഡർ ചെയ്താൽ പദ്ധതിച്ചെലവ് 40 മുതൽ 45 ശതമാനം വരെ വർദ്ധിക്കാനും സർക്കാരിന്റെ ഫണ്ടിംഗ് വിഹിതം കൂടാനും സാധ്യതയുണ്ട്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

അതേസമയം, ഈ പദ്ധതിയെ നഗര ഗതാഗത വിദഗ്ധനായ സത്യ അരികൂതരം രൂക്ഷമായി വിമർശിച്ചു. ഇത് ഗതാഗത വികസന പദ്ധതി എന്നതിനേക്കാൾ ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്ന് അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുക മാത്രമാവും ഫലം. ടണലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലായി വരാൻ പോകുന്ന വാണിജ്യ സമുച്ചയങ്ങളും ഐടി പാർക്കുകളും കാരണം ഉണ്ടാകുന്ന വാഹനത്തിരക്ക് ടണൽ കുറയ്ക്കുന്ന തിരക്കിനേക്കാൾ ഇരട്ടിയായിരിക്കും. നഗരത്തിൽ തുറസ്സായ സ്ഥലങ്ങളായി സംരക്ഷിക്കേണ്ടിയിരുന്ന ഇടങ്ങളിലാണ് പുതിയ മാളുകളും ടെക് പാർക്കുകളും ഉയരാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ടെൻഡറുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഡി. കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. പദ്ധതി നിർദ്ദേശം ഉടൻ തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts