ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമ്മിച്ച മേജർ ആർട്ടീരിയൽ റോഡിൽ (MAR) വൻ കുഴികൾ (സിങ്ക്ഹോൾ) രൂപപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബംഗളൂരു വികസന അതോറിറ്റി (BDA) വ്യക്തമാക്കി. ജൂൺ 27-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പ്രധാന റോഡല്ല ഇതെന്നും, നിർമ്മാണം പുരോഗമിക്കുന്ന സർവീസ് റോഡിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്നും ബി.ഡി.എ വിശദീകരിച്ചു.

കടബഗേരെക്ക് സമീപമുള്ള 20 മീറ്ററോളം ദൂരത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന്, നഗരസഭയുടെയും മറ്റ് സിവിക് ബോഡികളുടെയും നിർമ്മാണ നിലവാരത്തെ ചോദ്യം ചെയ്ത് പൊതുജനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന റോഡ് ജൂൺ 27-ന് ഉദ്ഘാടനം ചെയ്യുന്ന പ്രധാന പാതയല്ലെന്ന് ബി.ഡി.എ കമ്മീഷണർ പി. മണിവണ്ണൻ വ്യക്തമാക്കി. ഇത് സർവീസ് റോഡാണെന്നും 2026 ഡിസംബറോടെ മാത്രമേ ഇതിന്റെ നിർമ്മാണം പൂർത്തിയാകൂ എന്നും അദ്ദേഹം അറിയിച്ചു.

പ്രധാന പാതയുടെ നിർമ്മാണം പൂർത്തിയായതായും ബി.ഡി.എ ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയതായും കമ്മീഷണർ പറഞ്ഞു. അതേസമയം, സർവീസ് റോഡ് ഇപ്പോഴും കരാറുകാരന്റെ മേൽനോട്ടത്തിലാണ്. റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ബി.ഡി.എയ്ക്ക് കൈമാറിയിട്ടില്ല. മുൻപ് എടുത്ത വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബി.ഡി.എ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഈ കുഴികൾ ശ്രദ്ധയിൽപ്പെടുകയും, അവ അടിയന്തരമായി പരിഹരിക്കാനും നിർമ്മാണ നിലവാരം ഉറപ്പാക്കാനും കരാറുകാരന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കരാറുകാരൻ ജോലി പൂർത്തിയാക്കി കൈമാറിയ ശേഷം, കൃത്യമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയും തൃപ്തികരമെന്ന് ഉറപ്പുവരുത്തിയും മാത്രമേ ബി.ഡി.എ ഈ റോഡ് ഏറ്റെടുക്കൂ. അതിനാൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പാതയിലെ പോരായ്മകൾക്ക് ബി.ഡി.എയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

റോഡിന് ‘എസ്. എം. കൃഷ്ണ റോഡ്’ എന്ന് നാമകരണം ചെയ്തു

മൈസൂരു റോഡിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റർ നീളമുള്ള ഈ മേജർ ആർട്ടീരിയൽ റോഡിന് ‘എസ്. എം. കൃഷ്ണ റോഡ്’ എന്ന് നാമകരണം ചെയ്തതായി ബംഗളൂരു വികസന അതോറിറ്റി അറിയിച്ചു. കെമ്പഗൗഡ ജയന്തി പ്രമാണിച്ച് ജൂൺ 27-നാണ് റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

നാദപ്രഭു കെമ്പഗൗഡ ലേഔട്ടിലൂടെ കടന്നുപോകുന്ന ഈ പത്ത് വരി സിഗ്നൽ രഹിത പാത വെസ്റ്റ് ബംഗളൂരുവിനെയും സൗത്ത് ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന നിർണായക കണ്ണിയായി മാറും. ഇതോടെ മാഗഡി റോഡിൽ നിന്നും മൈസൂരു റോഡിലേക്കുള്ള യാത്രാസമയം 60 മിനിറ്റിൽ നിന്നും വെറും 20 മിനിറ്റായി കുറയും. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിന്റെ വികസനത്തിൽ ഈ പാത ഒരു പുതിയ അധ്യായം കുറിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അഭിപ്രായപ്പെട്ടു. കെമ്പഗൗഡയുടെ സ്വപ്നങ്ങളെയും എസ്. എം. കൃഷ്ണയുടെ വികസന കാഴ്ചപ്പാടുകളെയും ബഹുമാനിച്ചുകൊണ്ടാണ് ബി.ഡി.എ ഈ പദ്ധതി പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts