ബെംഗളൂരു: പർപ്പിൾ ലൈനിലെ വൻ തടസ്സത്തിന് പിന്നാലെ, നമ്മ മെട്രോയിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച വൈകുന്നേരം 7:30 ഓടെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ വെച്ച് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്ന സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് പർപ്പിൾ ലൈനിലെ സർവീസുകൾ വൈകുകയും സ്റ്റേഷനുകളിൽ വൻ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. തകരാറിലായ ട്രെയിന് പിന്നാലെ വന്ന അഞ്ചിലധികം സർവീസുകളെ ഇത് ബാധിച്ചതായും ഇരുപത് മിനിറ്റോളം വൈകിയാണ് സർവീസുകൾ പുനരാരംഭിച്ചതെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു.
കബ്ബൺ പാർക്ക് സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ വാതിലുകൾ കൃത്യമായി അടയാതിരുന്നതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സർവീസ് നിർത്തിവെച്ചതെന്ന് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി ട്രെയിനിൽ നിന്നും ഇറക്കി. ഈ സുരക്ഷാ നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 17 മിനിറ്റോളം സമയമെടുത്തു. തുടർന്ന് ഓപ്പറേഷൻസ്, മെയിന്റനൻസ് വിഭാഗങ്ങൾ എത്തി സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് പർപ്പിൾ ലൈനിലെ സർവീസുകൾ പൂർണ്ണസ്ഥിതിയിലാക്കിയത്.
അതേസമയം, ട്രെയിൻ തടസ്സപ്പെട്ട സമയത്ത് ബി.എം.ആർ.സി.എൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശം ആശയവിനിമയത്തിനെതിരെ യാത്രക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻകൂട്ടി യാതൊരു വിവരവും നൽകാതെ പെട്ടെന്ന് ട്രെയിനിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടത് യാത്രക്കാരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയതായി തകരാറിലായ ട്രെയിനിലുണ്ടായിരുന്ന യാത്രിക രാധിക ബി.എസ് പറഞ്ഞു. സ്റ്റേഷനിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി താൻ മെട്രോയിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിലാണ് വീട്ടിലേക്ക് പോയതെന്നും അവർ കൂട്ടിച്ചേർത്തു. അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ 15 മിനിറ്റോളം കുടുങ്ങി കിടന്നിട്ടും തകരാറിനെ കുറിച്ചോ സർവീസ് എപ്പോൾ പുനരാരംഭിക്കും എന്നതിനെ കുറിച്ചോ കൃത്യമായ യാതൊരു അനൗൺസ്മെന്റും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മറ്റൊരു യാത്രികനായ പ്രവീൺ കുമാർ കുറ്റപ്പെടുത്തി. പർപ്പിൾ ലൈനിലെ മെയിന്റനൻസ് കാര്യങ്ങളിൽ കൃത്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയും പർപ്പിൾ ലൈനിലുണ്ടായ സമാനമായ സാങ്കേതിക തകരാർ കാരണം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ പാതയിൽ തുടർച്ചയായുണ്ടാകുന്ന തടസ്സങ്ങൾ ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ബെംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ പ്രതികരിച്ചു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സാങ്കേതിക തകരാറുകളല്ല, മറിച്ച് വ്യവസ്ഥാപിതമായ വലിയ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.എം.ആർ.സി.എൽ അടിയന്തരമായി സമഗ്രമായ ഒരു സാങ്കേതിക ഓഡിറ്റ് നടത്തണമെന്നും, സിഗ്നലിംഗ് സംവിധാനത്തിലെ തകരാറുകൾ ശാശ്വതമായി പരിഹരിച്ച് അധികൃതർ ഉത്തരവാദിത്തം കാണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കൂടാതെ, ഓരോ വലിയ തടസ്സങ്ങൾക്ക് ശേഷവും അതിന്റെ കൃത്യമായ കാരണങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടികളും പരസ്യപ്പെടുത്താൻ മെട്രോ അധികൃതർ തയ്യാറാകണമെന്നും, എന്താണ് പരാജയപ്പെട്ടതെന്നും അത് തടയാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
